ന്യൂ ഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചത് അവരുടെ പാകിസ്താനിലേക്കുള്ള വഴികളടച്ചെന്ന് റിപ്പോർട്ട്. പാകിസ്താനിലേക്ക് കടന്നാൽ പിന്നീടവരെ തിരികെ ലഭിച്ചേക്കില്ലെന്ന് മനസ്സിലാക്കിയ സൈന്യം ഭീകരർ ഉപയോഗിച്ചേക്കാവുന്ന എല്ലാ വഴികളും അടയ്ക്കുകയായിരുന്നു. ഇതിനായി ആദ്യം കണ്ടെത്തിയ എട്ട് കിലോമീറ്റർ പാതയിൽ സൈന്യം നിലയുറപ്പിച്ചു. പിന്നീട് ഭീകരർ നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന തുരങ്കങ്ങൾ കണ്ടെത്തി അവ അടയ്ക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. തുരങ്കങ്ങളിൽ വെള്ളം കയറാൻ പാകത്തിൽ കൂടൂതൽ ആഴത്തിൽ കുഴിച്ചു. ഇതോടെ മാർഗങ്ങൾ അടഞ്ഞ ഭീകരർക്ക് പാകിസ്താനിലേക്ക് കടക്കാൻ സാധിച്ചില്ല.
മൂന്ന് മാസമായി ഭീകരർ ഇന്ത്യയിൽത്തന്നെ ഒളിവിൽ കഴിയുകയായിരുന്നു. പഹൽഗാം ആക്രമണം നടന്നയുടൻ തന്നെ സൈന്യം ഈ തന്ത്രമാണ് സ്വീകരിച്ചത്. ഭീകരർ പാകിസ്താനിലേക്ക് കടക്കാനിടവരരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൈന്യത്തിന് കർശന നിർദേശം നൽകിയിരുന്നു.
അതേസമയം, സൈന്യത്തിന് പഹൽഗാം ഭീകരരെ തിരിച്ചറിയാൻ സഹായിച്ചത് ആയുധങ്ങളെ സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ദേഹത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകളും, പരിശോധനയ്ക്കയച്ച കൊല്ലപ്പെട്ട ഭീകരരുടെ തോക്കുകളിൽ നിന്നുള്ള വെടിയുണ്ടകളും ഒന്നാണെന്ന് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതാണ് ഭീകരരെ തിരിച്ചറിയുന്ന പ്രക്രിയയിൽ നിർണായകമായത്.
ഭീകരരെ വധിച്ചയുടൻതന്നെ അവരിൽ നിന്ന് പിടിച്ചെടുത്ത തോക്കുകൾ ചണ്ഡീഗഡിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. പ്രത്യേക വിമാനത്തിലാണ് ഇവ ചണ്ഡീഗഡിലേക്ക് കൊണ്ടുപോയത്. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത തോക്കിലെ വെടിയുണ്ടയും, പഹൽഗാമിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ ദേഹത്ത് നിന്ന് ലഭിച്ച വെടിയുണ്ടയും ഒന്നാണോ എന്ന് ഉറപ്പാക്കാനായിരുന്നു പരിശോധന. ഇവ ഒന്നാണെന്ന് റിപ്പോർട്ട് ലഭിച്ചതോടെയാണ് കൊല്ലപ്പെട്ടത് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ തന്നെയാണെന്ന് സൈന്യം ഉറപ്പിച്ചത്.
ജൂലൈ 28നാണ് പഹൽഗാം ഭീകരരെന്ന് സംശയമുള്ള മൂന്ന് പേരെ സൈന്യം വധിച്ചത്. 14 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ വധിച്ചത്. ഭീകരർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന അൾട്രാസെറ്റ് സിഗ്നലുകൾ സുരക്ഷാ സേന ചോർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്താൻ ഒന്നിലധികം സൈനിക സംഘങ്ങളെ വിന്യസികുകയും ചെയ്തിരുന്നു. ആട്ടിടയന്മാരും ഭീകരരെക്കുറിച്ച് ചില വിവരങ്ങൾ കൈമാറിയിരുന്നു. ഇതാണ് ഭീകരരെ കണ്ടെത്താൻ സൈന്യത്തെ സഹായിച്ചത്.
ജൂലൈ 11 ന് ബൈസരൻ പ്രദേശത്ത് ഒരു ചൈനീസ് സാറ്റലൈറ്റ് ഫോൺ സജീവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. സൈന്യം, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രാദേശവാസികൾ നൽകിയ വിവരങ്ങൾ ഉൾപ്പെടെയുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ മേഖലയിലെ ഭീകരരുടെ നീക്കങ്ങൾ കൂടുതൽ സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് പുതിയ ആശയവിനിമയ നീക്കങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് തിരച്ചിൽ ഊർജിതമാക്കിയെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ഭീകരർ ഒരു ടെന്റിനുള്ളിൽ ഉറങ്ങുകയായിരുന്നവെന്നും അപ്രതീക്ഷിതമായിയാണ് പിടികൂടിയതെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞിരുന്നു. ഏറ്റുമുട്ടൽ മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലായെന്നും ഭീകരരെ യാദൃശ്ചികമായി കണ്ടെത്തിയതിൻ്റെ ഫലമായിയാണ് ഏറ്റുമുട്ടൽ നടത്തിയതെന്നും വൃത്തങ്ങൾ പറഞ്ഞു. ശ്രീനഗറിലെ ഹർവാനിലെ ഡാച്ചിഗാം ദേശീയ ഉദ്യാനത്തിനടുത്തുള്ള ലിഡ്വാസ് പ്രദേശത്തുള്ള ഒളിത്താവളത്തിനുള്ളിൽ ഭീകരരെ തിരിച്ചറിഞ്ഞുവെന്നും ഉടൻ തന്നെ വെടിയുതിർക്കുകയും മൂന്ന് പേരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ വധിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ അറിയിച്ചിരുന്നു
Content Highlights: forensis reports and a sleepless night, how army identified pahalgam attakcers