റായ്പൂര്: മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്ത്ത് ഛത്തീസ്ഗഡ് സര്ക്കാര്. സെഷന്സ് കോടതിയിലാണ് സര്ക്കാര് നിലപാട് വ്യക്തമാക്കിയത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന് സെഷന്സ് കോടതിക്ക് അധികാരമില്ലെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചികൊണ്ടാണ് സെഷന്സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതില് നിന്ന് പിന്മാറിയത്.
ദുര്ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകള് ജാമ്യാപേക്ഷയുമായി സെഷന്സ് കോടതിയെ സമീപിച്ചത്. എന്നാല് സെഷന്സ് കോടതിയില് നിന്ന് അനുകൂലമായ സമീപനമായിരുന്നില്ല ഉണ്ടായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്ത്തു. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചു. എന്ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള് പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്ഐഎ കോടതിയെ സമീപിക്കാന് നിര്ദേശിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്ഗില് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര് തലശ്ശേരി ഉദയഗിരി ഇടവകയില് നിന്നുള്ള സിസ്റ്റര് വന്ദന ഫ്രാന്സിസ്, അങ്കമാലി എളവൂര് ഇടവക സിസ്റ്റര് പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്ക്കൊപ്പം മൂന്ന് പെണ്കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്കുട്ടികളെ കടത്തുകയാണെന്നും നിര്ബന്ധിത പരിവര്ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള് പ്രവര്ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള് പ്രവര്ത്തകര് തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്ക്കുമെതിരെ നിര്ബന്ധിത പരിവര്ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര് പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര് വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള് നടത്തുന്ന ആശുപത്രിയില് ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്കുട്ടികള്. മൂവരുടെയും രക്ഷിതാക്കള് ജോലിക്ക് പോവാന് നല്കിയ അനുമതി പത്രവും തിരിച്ചറിയല് കാര്ഡുകളും പെണ്കുട്ടികള് ഹാജരാക്കിയിരുന്നു. തങ്ങള് നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്കുട്ടികള് വ്യക്തമാക്കിയിരുന്നു. എന്നാല് ഇതൊന്നും അംഗീകരിക്കാന് ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്ന്നിരിക്കുന്ന ആരോപണം. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി യുഡിഎഫ്, ഇടത് എംപിമാരും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡിൽ എത്തിയിരുന്നു. യുഡിഎഫ് എംപിമാരും ബിജെപി പ്രതിനിധിയും ഇന്നലെയും ഇടത് എംപിമാർ ഇന്നുമായി കന്യാസ്ത്രീകളെ സന്ദർശിച്ചു. കന്യാസ്ത്രീകൾക്ക് നീതി തേടി ഇടത് എംപിമാർ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്ക്ക് നിവേദനം നൽകി. വിമാനത്തിൽവെച്ചാണ് നിവേദനം നൽകിയത്. കന്യാസ്ത്രീകൾക്ക് നീതി തേടി സിബിസിഐയുടെ നേതൃത്വത്തിലും വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ട്.
Content Highlights- Chattisgarh government oppose bail application of malayali nuns who arrested