കോണ്‍ഗ്രസിൻ്റെ പിഴവ് നരേന്ദ്ര മോദി സര്‍ക്കാര്‍ തിരുത്തി; ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ അമിത് ഷാ

പഹല്‍ഗാം ഭീകരാക്രമണം നടത്തിയവർക്ക് ഓപ്പറേഷൻ സിന്ദൂറിലുടെയും ഓപ്പറേഷൻ മഹാദേവിലുടെയും മറുപ‌ടി നൽകിയെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണം നടത്തിയ മൂന്ന് പേരെയും വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ . കൊല്ലപ്പെട്ട മൂന്ന് ഭീകരരും പാകിസ്താനികളാണെന്നും പാകിസ്താനിലെ വോട്ടര്‍ ഐഡി വരെ കിട്ടിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അമിത് ഷാ ഇത് വ്യക്തമാക്കിയത്.

പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ ഉപയോ​ഗിച്ച ആയുധങ്ങൾ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ പഹല്‍ഗാം ഭീകരാക്രമണത്തിന് ഉപയോ​ഗിച്ച അതേ ആയുധങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണം നടത്തിയവർക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെയും ഓപ്പറേഷൻ മഹാദേവിലൂടെയും മറുപ‌ടി നൽകിയെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷത്തിന് പാകിസ്താൻ നയമാണെന്നും പാകിസ്താൻ അനുകൂല നിലപാടാണെന്നും അമിത് ഷാ വ്യക്തമാക്കി. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തിനെതിരെ അമിത് ഷാ രം​ഗത്തെത്തി. ഭീകരര്‍ പാകിസ്താനികൾ അല്ലെന്ന് ചിദംബരം പറഞ്ഞിരുന്നതായും അമിത് ഷാ ചൂണ്ടിക്കാണിച്ചു. പാകിസ്താന് വേണ്ടി എന്തിന് ചിദംബരം സംസാരിക്കുന്നുവെന്നും അമിത്ഷാ ചോദിച്ചു.

പഹല്‍ഗാം ഭീകരാക്രമണം നടന്ന ഉടന്‍ തന്നെ ശ്രീനഗറിലെത്തി ഭീകരര്‍ രക്ഷപ്പെടാതിരിക്കാന്‍ നിർദ്ദേശം നല്‍കി. കോണ്‍ഗ്രസിന്റെ പിഴവ് നരേന്ദ്ര മോദി സര്‍ക്കാര്‍ തിരുത്തിയെന്നും സിന്ധുനദീജല കരാര്‍ റദ്ദാക്കിയെന്നും അമിത് ഷാ വ്യക്തമാക്കി.

Content Highlight : Narendra Modi government has corrected Congress' mistake; Amit Shah on Operation Sindoor issue

To advertise here,contact us