വീണ്ടും ദുരഭിമാനക്കൊല; ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു

ഞായറാഴ്ച ഉച്ചയോടെ സിദ്ധ ഡോക്ടറായ യുവതിയുടെ ക്ലിനിക്കില്‍ മുത്തച്ഛനെ ചികിത്സിക്കാനെത്തിയതായിരുന്നു കെവിന്‍

ചെന്നൈ: ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ 27 കാരനായ ദളിത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തിരുനെല്‍വേലി കെടിസി നഗറിലാണ് സംഭവം. തൂത്തുക്കുടി ജില്ലയിലെ അറുമുഗമംഗലം സ്വദേശിയായ ഐ ടി ജീവനക്കാരന്‍ കെവിന്‍ സെല്‍വ ഗണേഷിനെയാണ് കൊലപ്പെടുത്തിയത്.എസ് സുര്‍ജിത് (23) എന്ന് പരിചയപ്പെടുത്തിയയാള്‍ മൂര്‍ച്ഛയേറിയ ആയുധംകൊണ്ട് വെട്ടുകയായിരുന്നു.

സുര്‍ജിത്തിന്റെ സഹോദരിയുമായി കെവിന്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെവിനുമായുള്ള വിവാഹത്തിന് യുവതിയുടെ കുടുംബംകടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് കെവിന്‍ തന്റെ സഹോദരനെ അറിയിച്ചിരുന്നുവെങ്കിലും നിയമപരമായി നീങ്ങിയിരുന്നില്ല.

ഞായറാഴ്ച ഉച്ചയോടെ സിദ്ധ ഡോക്ടറായ യുവതിയുടെ ക്ലിനിക്കില്‍ മുത്തച്ഛനെ ചികിത്സിക്കാനെത്തിയതായിരുന്നു കെവിന്‍. ക്ലിനിക്കിന് പുറത്ത് കാത്തുനിന്ന സുര്‍ജിത് കെവിനെ ജാതി അധിക്ഷേപം നടത്തുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. യുവതിയുടെ അച്ഛനെയും അമ്മയെയും ഒന്നാംപ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരാണ്. കെവിന്റെ അമ്മയുടെ പരാതിയിലാണ് നടപടി. കേസില്‍ മൂന്നാം പ്രതിയാണ് സുര്‍ജിത്.

മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കാതെ കെവിന്‍ കുമാറിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. യുവതിയുടെ മാതാപിതാക്കള്‍ പൊലീസ് ആയതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights: Caste killing IT professional hacked to death in Tirunelveli

To advertise here,contact us