ധർമസ്ഥലയിൽ ഇന്ന് നിർണായകം; മൃതദേഹങ്ങളുണ്ടെന്ന് മൊഴി ലഭിച്ച സ്ഥലങ്ങളിൽ ഇന്ന് മണ്ണ് നീക്കി പരിശോധിക്കും

ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്

ബെംഗളൂരു: ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും. ക്ഷേത്ര പരിസരങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനം. മൊഴിയെടുപ്പിനിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് എവിടെയെല്ലാമാണ് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകൾ നൽകിയിരുന്നു. രണ്ട് ക്യാമറകളിലായി റെക്കോർഡ് ചെയ്ത ഈ മൊഴികൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തുന്നത്.

ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ധര്‍മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ വന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചത്.

Content Highlights: SIT to start ground investigations at dharmasthala mass burial claims

To advertise here,contact us