ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിബിസിഐ

ഇന്ത്യയുടെ പല ഭാഗത്തും ക്രൈസ്തവര്‍ ഭയത്തിലാണ് ജീവിക്കുന്നത്. അതിനുകാരണം ഇത്തരം സംഭവങ്ങളാണെന്നും ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി കത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമാണെന്നും ഇന്ത്യന്‍ ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിപ്പെടണമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സര്‍ക്കാര്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.

'കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനു ശേഷം ആദ്യം എഫ്ഐആറിട്ടത് മനുഷ്യക്കടത്തിന്റെ പേരിലാണ്. പിന്നീട് മതപരിവര്‍ത്തനക്കുറ്റം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ക്രിമിനല്‍ കുറ്റം ചുമത്തി അവര്‍ കന്യാസ്ത്രീകളെ ജയിലിലാക്കിയിരിക്കുകയാണ്. മതസ്വാതന്ത്ര്യമുളള ഒരു രാജ്യത്ത് ക്രിസ്ത്യന്‍ വേഷത്തില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റേഴ്‌സിനെ കണ്ടപ്പോള്‍ തന്നെ അതൊരു കാരണമാക്കി മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണ്. അതുകൊണ്ട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെയും മന്ത്രിമാരെയും എംപിമാരെയുമെല്ലാം ഞങ്ങള്‍ സമീപിച്ചിട്ടുണ്ട്'- ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ക്രിസ്ത്യന്‍ മതത്തെ ഇപ്പോഴും വിദേശമതമായാണ് കാണുന്നതെന്നും ഇന്ത്യയില്‍ ഈ മതത്തിന് രണ്ടായിരം കൊല്ലത്തെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല ക്രൈസ്തവ രാജ്യങ്ങളും ക്രിസ്തുവിനെക്കുറിച്ച് കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതമുണ്ട്. രാഷ്ട്രനിര്‍മിതിക്ക് സംഭാവന നല്‍കിയിട്ടുളള മതമാണിത്. വിദ്യാഭ്യാസ കാര്യത്തിലും ആതുരശുശ്രൂഷയിലുമെല്ലാം ഇടപെടല്‍ നടത്തിയിട്ടുണ്ട്. കുഷ്ടരോഗികളെയടക്കം ശുശ്രൂഷിച്ചിട്ടുളളവരാണ് കന്യാസ്ത്രീകള്‍. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ പറയുന്നില്ല,പക്ഷെ ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം. നേരത്തെ ജബല്‍പൂരില്‍ ഒരു വെെദികനെ ആക്രമിച്ച സംഭവമുണ്ടായി. നമുക്ക് സഹായം തേടാനാവുക സര്‍ക്കാരിനോട് തന്നെയാണ്. ഭാരതം ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കേരളത്തില്‍ നിന്നുളള എംപിമാര്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് നന്ദിയുണ്ട്. കേരളത്തില്‍ ക്രൈസ്തവ പ്രീണനവും കേരളത്തിന് പുറത്ത് മണിപ്പൂരും ഛത്തീസ്ഗഡിലും മറ്റ് സ്ഥലങ്ങളിലും ആക്രമണവും നടക്കുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗത്തും ക്രൈസ്തവര്‍ ഭയത്തിലാണ് ജീവിക്കുന്നത്. അതിനുകാരണം ഇത്തരം സംഭവങ്ങളാണ്.'- ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlights: Constitution and religious freedom must be protected: CBCI on the arrest of nuns in Chhattisgarh

To advertise here,contact us