ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത് പ്രക്ഷേപണത്തിനിടെ സഖ്യകക്ഷികളായ ബിജെപി പ്രവര്ത്തകരും തിപ്ര മോത പ്രവര്ത്തകരും തമ്മില് ഏറ്റുമുട്ടൽ. ത്രിപുരയിലെ ഖോവായ് ജില്ലയിലാണ് സംഭവം. മന് കി ബാത് പരിപാടി കേള്ക്കാനായി ബിജെപി പ്രവര്ത്തകര് ഒത്തുകൂടിയ സ്ഥലത്താണ് സംഘര്ഷമുണ്ടായത്. സംഭവത്തില് പൊലീസ് കേസെടുത്തിട്ടുണ്ട്. ത്രിപുരയില് ബിജെപിയും തിപ്ര മോതയും സഖ്യകക്ഷികളാണ്. സഖ്യകക്ഷികള് തമ്മിലുളള ബന്ധത്തില് വിളളലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇരു പാര്ട്ടികളുടെയും പ്രവര്ത്തകര് തമ്മിലുണ്ടായ ഏറ്റുമുട്ടലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്.
'എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ആദ്യം ആക്രമിച്ചത് ആരാണെന്ന് അവിടെയുണ്ടായിരുന്ന ജനങ്ങള്ക്കറിയാം. തെറ്റുചെയ്തത് ആരാണെന്നും അവര്ക്കറിയാം. അതിനാല് പൊലീസ് കേസെടുത്തു. പൊലീസ് ശക്തമായ നടപടിയെടുക്കുകയും കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും'- ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
പൊലീസ് വൃത്തങ്ങള് പറയുന്നതനുസരിച്ച്, ആശാരംബരി നിയമസഭാ മണ്ഡലത്തിലെ ഒരു വീട്ടില് മുപ്പതോളം ബിജെപി പ്രവര്ത്തകര് മന് കി ബാത് കേള്ക്കാനായി ഒത്തുകൂടി. അതിന് പിന്നാലെ തിപ്ര മോത പ്രവര്ത്തകരുടെ വലിയൊരു സംഘവും സ്ഥലത്തെത്തി. ഇതോടെ സംഘര്ഷമുണ്ടായി. എന്നാല് സംഘര്ഷത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഏറ്റുമുട്ടലുണ്ടായതായി തിപ്ര മോത സ്ഥാപകന് പ്രദ്യോത് മാണിക്യ ദെബ്ബര്മാന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘര്ഷത്തില് എട്ട് ബൈക്കുകളും രണ്ട് കാറുകളും തകര്ന്നു. പ്രദേശത്ത് സംഘര്ഷാവസ്ഥ കണക്കിലെടുത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്ഷാവസ്ഥ നിലനില്ക്കുന്നുണ്ടെന്നാണ് റിപ്പോര്ട്ട്.
Content Highlights:Allies BJP and Tipra Motha workers clash in tripura during mann ki bath broadcast, many injured