'കാര്‍ഗില്‍ വിജയ് ദിവസ്': ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

കാര്‍ഗില്‍ യുദ്ധത്തിന്റെ 26-ാം വാര്‍ഷികം വിപുലമായിത്തന്നെ ആഘോഷിക്കുകയാണ് രാജ്യം

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും പുഷ്പചക്രം അര്‍പ്പിച്ചു. 'കാര്‍ഗില്‍ വിജയദിനത്തില്‍, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ഞാന്‍ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും'- രാജ്‌നാഥ് സിംഗ് എക്‌സില്‍ കുറിച്ചു.

കാര്‍ഗില്‍ വിജയ ദിവസത്തില്‍ മാതൃരാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും നമ്മുടെ സൈനികരുടെ അസാധാരണമായ ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്'- എന്നാണ് രാഷ്ട്രപതി എക്‌സില്‍ കുറിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന്റെ 26-ാം വാര്‍ഷികം വിപുലമായിത്തന്നെ ആഘോഷിക്കുകയാണ് രാജ്യം.

ലഡാക്കിലെ ദ്രാസില്‍ അനുസ്മരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഡ്രോണ്‍ ഷോ, വീരമൃത്യു വരിച്ച സൈനികരുമായി മുഖാമുഖം, സാംസ്‌കാരിക പരിപാടികള്‍, പദയാത്ര തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കും.

വീരമൃത്യു വരിച്ച സൈനികര്‍ക്ക് 'ഇ ശ്രദ്ധാഞ്ജലി' പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുളള സൗകര്യം ഒരുക്കും. കാര്‍ഗില്‍ വീരഗാഥകള്‍ കേള്‍ക്കാനുളള ഓഡിയോ അപ്ലിക്കേഷനും പുറത്തിറക്കും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കാര്‍ഗില്‍ യുദ്ധചരിത്രം കേള്‍ക്കാനാകും. പൊതുജനങ്ങള്‍ക്ക് നിയന്ത്രണരേഖയിലെ ചില പ്രധാന സ്ഥലങ്ങള്‍ കാണാനുളള സൗകര്യവുമൊരുക്കും.

1999 മെയ് എട്ടിന് ആരംഭിച്ച കാര്‍ഗില്‍ യുദ്ധം ജൂലൈ 26-നാണ് അവസാനിച്ചത്. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമാണ് അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഇന്ത്യ ടൈഗര്‍ ഹില്ലുള്‍പ്പെടെയുളള പോസ്റ്റുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

Content Highlights: Kargil Vijay Diwas: Rajnath Singh pays tribute to brave soldiers who lost lives in war

To advertise here,contact us