മുംബൈ: അനിൽ അംബാനിയുടെ കമ്പനികളിൽ ഇഡി റെയ്ഡ് തുടരുന്നു. മൂന്നാം ദിനമായ ഇന്ന് നിരവധി നിർണായക രേഖകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഇഡി കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലും റെയ്ഡ് തുടരും എന്നുതന്നെയാണ് സൂചന.
അനില് അംബാനിയുടെ റിലയന്സ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട മൂവായിരം കോടിയുടെ വായ്പാ തട്ടിപ്പ് കേസിലാണ് ഇഡി റെയ്ഡ് തുടരുന്നത്. 35 കേന്ദ്രങ്ങളിലാണ് പരിശോധന. അനിൽ അംബാനിയുമായി ബന്ധപ്പെട്ട അമ്പത് കമ്പനികൾ, ഇരുപത്തിയഞ്ചോളം ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നുണ്ട്.
2017 മുതൽ 2019 വരെയുളള കാലയളവിൽ യെസ് ബാങ്കിൽ നിന്ന് ലഭിച്ച 3000 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നതിലാണ് അന്വേഷണം. ബാങ്കുകളെയും ഓഹരി ഉടമകളെയും നിക്ഷേപകരെയും മറ്റ് പൊതു സ്ഥാപനങ്ങളെയും വിദഗ്ദമായി കബളിപ്പിച്ച് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാന് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെന്നാണ് അനിൽ അംബാനിയുടെ തട്ടിപ്പിനെ ഇഡി വിലയിരുത്തുന്നത്. യെസ് ബാങ്കില് നിന്നും 2017നും 2019നും ഇടയിലാണ് പണം തട്ടിയിരിക്കുന്നത്. വായ്പാ വിതരണത്തിന് തൊട്ടുമുമ്പ് യെസ് ബാങ്ക് പ്രൊമോട്ടര് കമ്പനികള്ക്ക് പണം ലഭിച്ചതായി ഉദ്യോഗസ്ഥര് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ബാങ്ക് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കമ്പനികള്ക്കും ഇടയിലുള്ള കൊടുക്കല് വാങ്ങലിനെ തുറന്നുകാട്ടുന്നതാണെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. നിലവില് യെസ് ബാങ്ക് പ്രൊമോട്ടര്മാരും അനില് അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളും തമ്മിലുള്ള അന്തര്ധാരയെക്കുറിച്ചുള്ള അന്വേഷണമാണ് ഇഡി നടത്തുന്നത്.
അനിൽ അംബാനിയെയും അദ്ദേഹം പ്രൊമോട്ടർ ഡയറക്ടറായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും ദിവസങ്ങൾക്ക് മുൻപ് എസ്ബിഐ 'ഫ്രോഡ്' ആയി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ മാസം അനിൽ അംബാനിക്കെതിരെ നടപടിയെടുക്കുന്നതായി എസ്ബിഐ റിസർവ് ബാങ്കിനെ അറിയിച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും വിവരമറിയിച്ചിരുന്നു. റിലയൻസിന് ലഭിച്ച 31000 കോടി രൂപ മറ്റ് കമ്പനികൾ ഉപയോഗിച്ച് അനിൽ അംബാനി ദുരുപയോഗം ചെയ്തുവെന്നായിരുന്നു അനിൽ അംബാനിക്കെതിരായ എസ്ബിഐയുടെ ആരോപണം.
Content Highlights: ED confiscated documents and electronic devices from anil ambani companies