ജീവിച്ചിരിക്കുന്നത് 13,212 സ്വാതന്ത്ര്യ സമരസേനാനികള്‍; സര്‍ക്കാര്‍ ലോക്‌സഭയില്‍

നിലവില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ ജീവിച്ചിരിക്കുന്നത് തെലങ്കാനയിലാണ്

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 78ാം വര്‍ഷത്തിലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍, സ്വാതന്ത്ര്യ സമര സേനാനികളായ 13,212 ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. മരിച്ചുപോയ 9778 സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കാളികള്‍ അല്ലെങ്കില്‍ ആശ്രിതരും സ്വതന്ത്ര സൈനിക് സമ്മാന്‍ യോജന പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയമാണ് ലോക്‌സഭയെ അറിയിച്ചത്.

1.7ലക്ഷത്തിലധികം സ്വാതന്ത്ര്യസമര സേനാനികള്‍ക്കാണ് ഇതുവരെ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. അവിഭക്ത ബിഹാറില്‍ 24,905, പശ്ചിമബംഗാള്‍ 22, 523, ഇന്ത്യന്‍ നാഷണല്‍ ആര്‍മി 22, 472 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കി.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ആറുമാസത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നവര്‍, സ്വത്തുക്കള്‍ കണ്ടുകെട്ടപ്പെട്ടവര്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടവര്‍, ലാത്തിച്ചാര്‍ജിലും വെടിവെയ്പ്പിലും പരിക്കേറ്റ് അംഗഭംഗം സംഭവിച്ചവര്‍, വീട്ടുതടങ്കലില്‍ കഴിഞ്ഞവര്‍, നാടുകടത്തപ്പെട്ടവര്‍, തലയ്ക്ക് വിലയിട്ടവര്‍ തുടങ്ങിയവരാണ് പെന്‍ഷന് അര്‍ഹതയുള്ളത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായ എസ്എസ്എസ് വൈയ്ക്ക് വേണ്ടി മാത്രം 3115 കോടി രൂപയുടെ ഫണ്ടാണ് വിതരണം ചെയ്തത്. 2023 - 24ല്‍ 540 കോടി ആയിരുന്നെങ്കില്‍ 2024- 25ല്‍ അത് 599 കോടിയാണ്. ഇതിന് മുമ്പ് 2020 -21ല്‍ 660 കോടിയും 2021- 22ല്‍ 717 കോടി രൂപയുമാണ് ഈ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തത്.

നിലവില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ ജീവിച്ചിരിക്കുന്നത് തെലങ്കാനയിലാണ് 3017, പശ്ചിമബംഗാളില്‍ 1799, മഹാരാഷ്ട്രയില്‍ 1543 പേരും ജീവിച്ചിരിപ്പുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതരായ 2165പേരാണ് തെലങ്കാനയില്‍ പെന്‍ഷന്‍ വാങ്ങുന്നത്. മഹാരാഷ്ട്രയില്‍ 1274 പേരും പശ്ചിമബംഗാളില്‍ 1095 പേരും ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇതില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ വിധവമാര്‍, പങ്കാളികള്‍, പെണ്‍മക്കള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.

Content Highlights: Govt says 13, 212 Freedom Fighters still alive in Lok Sabha

To advertise here,contact us