ന്യൂഡല്ഹി: പാര്ലമെന്റില് സംസാരിക്കാന് അനുവദിച്ചില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. പ്രതിരോധ മന്ത്രിക്ക് സംസാരിക്കാന് അവസരം നല്കിയെന്നും തന്നെ സംസാരിക്കാന് അനുവദിച്ചില്ലെന്നും രാഹുല് ഗാന്ധി പറഞ്ഞു. എന്ഡിഎ അംഗങ്ങള്ക്ക് മാത്രമാണ് പാര്ലമെന്റില് സംസാരിക്കാന് സമ്മതമുള്ളതെന്നും രാഹുല് ഗാന്ധി പറഞ്ഞു.
അതേസമയം രാഹുല് ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി. ചര്ച്ചനടക്കുമ്പോള് രാഹുല് ഗാന്ധി മൊബൈല് നോക്കിയിരിക്കുകയായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. സഭ അലങ്കോലപ്പെടുത്തല് ലക്ഷ്യമാക്കിയാണ് പ്രതിപക്ഷം വന്നതെന്നും ബിജെപി പറഞ്ഞു.
അതേസമയം പഹല്ഗാം, ഓപ്പറേഷന് സിന്ദൂര് അടക്കം പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയവും ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. പിന്നാലെ ലോക്സഭാ നിര്ത്തിവെച്ചു.
പാര്ലമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ പഹല്ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര് വിഷയങ്ങളില് ചര്ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങളില് ചര്ച്ചയാവശ്യപ്പെട്ട് കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയി നോട്ടീസ് നല്കിയിരുന്നു. പ്രധാന വിഷയങ്ങള് ചര്ച്ച ചെയ്തില്ലെങ്കില് ശക്തമായ പ്രതിഷേധം ഉയര്ത്തുമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞിരുന്നു. ബിഹാര് വോട്ടര് പട്ടിക വിവാദവും ഉയര്ത്തുമെന്നും പാര്ലമെന്റ് സമ്മേളനം പ്രഹസനമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല് ഇന്ത്യന് നിര്മിത ആയുധങ്ങളുടെ ശേഷി കൂടി തെളിയിക്കുന്നതായിരുന്നു ഓപ്പറേഷന് സിന്ദൂറെന്ന് നരേന്ദ്ര മോദി പാര്ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സര്വ്വ കക്ഷി സംഘത്തിലൂടെ എല്ലാവരും രാജ്യത്തിന് വേണ്ടി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്ട്ടികള്ക്കും മോദി നന്ദി അറിയിച്ചു. ഓപ്പറേഷന് സിന്ദൂര് രാജ്യത്തിന്റെ സൈനിക ശക്തി വ്യക്തമാക്കുന്നതായിരുന്നു. ഓപ്പറേഷന് സിന്ദൂറിന്റെ വിജയസമ്മേളനം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: Rahul Gandhi says he was no allowed to speak in Parliament Only NDA members allowed