ചെന്നൈ: മുതിര്ന്ന സിപിഐഎം നേതാവും മുന് മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തില് അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നടനും രാഷ്ട്രീയ പ്രവര്ത്തകനുമായ കമല്ഹാസനും. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്മ്യൂണിസ്റ്റുമായിരുന്നു വി എസ് എന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ട്വീറ്റ് ചെയ്തു.
കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില് ആഴത്തില് പതിഞ്ഞ നേതാവാണ് വി എസ് അച്യുതാനന്ദന്. ഒരു വിപ്ലവ പാരമ്പര്യം അവശേഷിപ്പിച്ചാണ് സഖാവ് വി എസ് അച്യുതാനന്ദന് വിടവാങ്ങുന്നത്. തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്ത്തിമദ്ഭാവമായിരുന്നു വി എസ് അച്യുതാനന്ദന് എന്നും എം കെ സ്റ്റാലിന് കുറിച്ചു. വിപ്ലവസൂര്യന് വി എസിന്റെ വേര്പാടില് ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, സഖാക്കള്ക്കും, കേരള ജനതയ്ക്കും തന്റെയും തമിഴ്നാട് ജനതയുടെയും ആദരാഞ്ജലികള് അര്പ്പിക്കുന്നു എന്നും എം കെ സ്റ്റാലിന് എക്സില് കുറിച്ചു.
അവഗണിക്കപ്പെട്ടവര്ക്കു വേണ്ടി പന്തംകൊളുത്തിയ നേതാവാണ് വിട പറഞ്ഞതെന്ന് നടനും രാഷ്ട്രീയ പ്രവര്ത്തകനുമായ കമല്ഹാസന് തന്റെ ഫേസ്ബുക്കില് കുറിച്ചു. കേരളത്തിന്റെ മുന് മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ഐക്കണുമായ അദ്ദേഹം സമൂഹത്തില് ഒറ്റപ്പെട്ടവര്ക്ക് വേണ്ടിയുള്ള പോരാട്ടം നയിച്ചു. വി എസിന്റെ വിയോഗത്തോടെ കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടത് ഒരു യഥാര്ത്ഥ ജനകീയ ചാമ്പ്യനെയാണെന്നും കമല്ഹാസന് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന് സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള് 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്ത്ഥത്തില് സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നാഷണല് കൗണ്സിലില് നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില് മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
content highlights: M K Stalin and Kamal hasan condemns on V S Achuthanandan's death