'ബിഹാറില്‍ വൈദ്യുതിയും വരില്ല, ബില്ലും വരില്ല': നിതീഷ് കുമാറിനെ പരിഹസിച്ച് ബിജെപി മന്ത്രി

ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് നിതീഷ് കുമാർ പ്രഖ്യാപിച്ചത്

ലക്‌നൗ: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് ഊര്‍ജ-നഗരവികസന മന്ത്രി അരവിന്ദ് കുമാര്‍ ശര്‍മ. ബിഹാറില്‍ വൈദ്യുതിയും വരില്ല ബില്ലും വരില്ല പിന്നല്ലേ സൗജന്യ വൈദ്യതി എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. 'ബിഹാറില്‍ ഫ്രീയാണ്, പക്ഷെ വൈദ്യുതി വന്നാലല്ലേ അത് സൗജന്യമായി കൊടുക്കാന്‍ പറ്റൂ. അവിടെ വൈദ്യുതിയും വരില്ല. ബില്ലും വരില്ല. ഞങ്ങള്‍ ഇവിടെ വൈദ്യുതി നല്‍കുന്നുണ്ട്' എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രിയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വമ്പര്‍ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറില്‍ നടത്തിയത്. ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനം. സര്‍ക്കാരിന്റെ ഈ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഗാർഹിക ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളുടെ മുകളിലോ അടുത്തുള്ള പൊതു സ്ഥലങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികകൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് ജൂലൈ എട്ടിന് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.

പൊതു സേവനങ്ങളിൽ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനി‍‍ർ‌വ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ'മെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വർഷം ഒക്ടോബറിലോ നവംബറിലോ ആവും ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: UP BJP minister mocks Nitish Kumar in Free Electricity in Bihar announcement

To advertise here,contact us