ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി: രാഷ്ട്രപതിയുടെ സൂചനകൾ ഭരണഘടനാബെഞ്ച് 22-ന് പരിഗണിക്കും

രാഷ്ട്രപതിയുടെയു ഗവര്‍ണറുടെയും വിവേചനാധികാരവും ഭരഘടനാ അവകാശങ്ങളും ഉള്‍പ്പെടെ 14 ചോദ്യങ്ങളാണ് റെഫറന്‍സില്‍ ഉന്നയിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിര്‍ദേശിച്ച വിധിയില്‍ 14 നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുളള രാഷ്ട്രപതിയുടെ സൂചനകൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ജൂലൈ 22-ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാഷ്ട്രപതിയുടെ റെഫറന്‍സ് പരിഗണിക്കുക. സൂര്യകാന്ത്, വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദൂര്‍കര്‍ എന്നിവരാണ് ബെഞ്ചിലുളള മറ്റ് ജസ്റ്റിസുമാര്‍. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധിയില്ലെന്ന് രാഷ്ട്രപതി സൂചനകളിൽ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും വിവേചനാധികാരവും ഭരഘടനാ അവകാശങ്ങളും ഉള്‍പ്പെടെ 14 ചോദ്യങ്ങളാണ് സൂചനകളിൽ ഉന്നയിച്ചിരിക്കുന്നത്. ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ഗവര്‍ണറുടെ മുന്‍പാകെയുളള ഭരണഘടനാപരമായ ഓപ്ഷനുകള്‍ എന്തൊക്കെയാണ്, മന്ത്രിസഭ നല്‍കുന്ന സഹായത്തിനും ഉപദേശത്തിനും ഗവര്‍ണര്‍ ബാധ്യസ്ഥനാണോ, ഗവര്‍ണര്‍ ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായമാണോ, ഒരു ബില്ല് നിയമമാകുന്നതിന് മുന്‍പ് കോടതികള്‍ക്ക് ജുഡീഷ്യല്‍ വിധിന്യായം നടത്താന്‍ അനുവാദമുണ്ടോ തുടങ്ങിയ ചോദ്യങ്ങളടങ്ങുന്ന സൂചനകളാവും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.

അപൂര്‍വമായി ഉപയോഗിക്കാറുളള ഭരഘടനാ അനുച്ഛേദം 143 (1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗമതി മുര്‍മുവിന്റെ സൂചനകൾ. ഇത് പരിഗണിച്ച് സുപ്രീംകോടതി അറിയിക്കുന്നത് അഭിപ്രായം മാത്രമായതിനാല്‍ നിറവേറ്റേണ്ട ബാധ്യത രാഷ്ട്രപതിക്കില്ല. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ച ഏപ്രില്‍ എട്ടിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയിലെ നിയമപ്രശ്‌നങ്ങളിലാണ് സുപ്രീംകോടതിയുടെ നിലപാട് തേടിയത്.

Content Highlights: Supreme court to hear Presidents reference on time limit for bills assent on july 22

To advertise here,contact us