ആഗ്ര: മാറിമാറി വരുന്ന സര്ക്കാരുകളുടെ പൊളളയായ വാഗ്ദാനങ്ങള്ക്കൊടുവില് സ്വന്തമായി റോഡ് നിര്മ്മിച്ച് ഗ്രാമവാസികള്. ഉത്തര്പ്രദേശിലെ മെയിന്പുരി ജില്ലയിലെ മജ്ര രാജ്പൂര് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികള് ചേര്ന്ന് പണം പിരിച്ചാണ് സ്വന്തമായി റോഡ് നിര്മ്മിച്ചത്. ഏഴു പതിറ്റാണ്ടുകളിലേറെയായി ഗ്രാമത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന മണ്പാത പുനര്നിര്മ്മിക്കാന് നേതാക്കളോ അധികാരികളോ മുന്നോട്ടുവരാത്തതില് കടുത്ത നിരാശ മൂലമാണ് ഗ്രാമത്തിലുളളവര് സ്വയം തങ്ങള്ക്കുളള റോഡ് നിര്മ്മിക്കാന് തീരുമാനിച്ചത്.
'വികസനത്തിനായി ഞങ്ങള് യാചിച്ചു. ഒടുവില് മടുത്തപ്പോള് ഞങ്ങള് തന്നെ കൂട്ടായി നിന്ന് റോഡ് നിര്മ്മിച്ചു. പതിറ്റാണ്ടുകളായി മജ്റ രാജ്പൂര് ഗ്രാമത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന 200 മീറ്റര് നീളവും എട്ടടി വീതിയുമുളള റോഡ് തകര്ന്ന അവസ്ഥയിലായിരുന്നു. മഴ പെയ്താല് ഉടന് ഈ റോഡ് ചെളിയും വെളളക്കെട്ടും മൂലം സഞ്ചാരയോഗ്യമല്ലാതാകും. നഗരത്തിലെ സ്കൂളിലേക്ക് പോകാന് കുട്ടികള് ബുദ്ധിമുട്ട് നേരിട്ടു. മെയിന്പുരിയിലെ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാനും ബുദ്ധിമുട്ടായിരുന്നു. സമാജ്വാദി പാര്ട്ടിയും ബഹുജന് സമാജ് പാര്ട്ടിയും ബിജെപിയുമെല്ലാം അധികാരത്തിൽ വന്നു. മൂന്ന് സര്ക്കാരുകളുടെ കാലത്തും പ്രാദേശിക നേതാക്കളോടും ഉദ്യോഗസ്ഥരോടും റോഡ് നിര്മ്മിച്ച് നല്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല് ആരും ഞങ്ങളുടെ ആവശ്യം പരിഗണിച്ചില്ല'-ഗ്രാമീണര് പറഞ്ഞു.
പ്രധാന്മന്ത്രി ഗ്രാം സഡക് യോജന പ്രകാരം റോഡ് നിര്മ്മിച്ചുനല്കാന് ആവശ്യപ്പെട്ട് ഞങ്ങള് നേരത്തെ എംഎഎല്എമാര്ക്കും നിലവിലെ മെയിന്പുരി എംഎല്എ ബ്രിജേഷ് കതേരിയയ്ക്കും നിവേദനം നല്കിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. '- പ്രദേശവാസിയായ അജയ് മിശ്ര പറഞ്ഞു. 'മെയിന്പുരിയില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപി ഡിംപിള് യാദവിന്റെ ഓഫീസിലും ഈ ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നു. പഞ്ചായത്ത് മുതല് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്, തഹസില്ദാര് മുതല് സബ് ഡിവിഷണല് മജിസ്ട്രേറ്റ് വരെയുളളവരെ കണ്ടു. യാതൊരു ഫലവുമുണ്ടായില്ല. തെരഞ്ഞെടുപ്പ് വന്നാലുടന് ഈ നേതാക്കളെല്ലാം റോഡ് നിര്മ്മിച്ചുനല്കാമെന്ന് വാഗ്ദാനം ചെയ്യുമായിരുന്നു. എന്നാല് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന് ഇവര് അപ്രത്യക്ഷരാകും. ഭരണകൂടം റോഡ് നിര്മ്മിച്ചു നല്കുമെന്ന വിശ്വാസം നഷ്ടമായി. ഇനിയും കാത്തിരിക്കുന്നതില് അര്ത്ഥമില്ലെന്ന് മനസിലായതോടെ സ്വയം റോഡ് നിര്മ്മിക്കാന് തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലെ ഇരുപതോളം വരുന്ന യുവാക്കളും മുതിര്ന്നവരും പരസ്പര സഹകരണത്തോടെ എഴുപതിനായിരം രൂപ സ്വരൂപിച്ചു. തകര്ന്ന റോഡില് ഇഷ്ടികകള് പാകി. പണി ആരംഭിച്ചു. ദിവസങ്ങള്ക്കുളളില് 200 മീറ്റര് നീളമുളള ഇഷ്ടിക റോഡ് പൂര്ത്തിയായി. ഉദ്യോഗസ്ഥരോടും നേതാക്കളോടും അപേക്ഷിച്ച് സ്വയം നാണക്കേട് തോന്നിത്തുടങ്ങി. ഇതോടെയാണ് ഞങ്ങള് റോഡ് സ്വയം നിര്മ്മിക്കാന് തീരുമാനിച്ചത്. എന്നാല് ഇനി അടുത്ത തെരഞ്ഞെടുപ്പില് വോട്ട് ചോദിക്കാനായി ഒരു രാഷ്ട്രീയക്കാരനെയും ഈ റോഡിലൂടെ ഗ്രാമത്തില് പ്രവേശിക്കാന് അനുവദിക്കില്ലെന്ന് ഞങ്ങള് തീരുമാനിച്ചുകഴിഞ്ഞു'- അജയ് പറഞ്ഞു
'ഞങ്ങള്ക്ക് വോട്ടുചെയ്തിട്ടും അടിസ്ഥാന ആവശ്യങ്ങള്ക്കായി യാചിക്കേണ്ട അവസ്ഥയാണ്. ഈ റോഡ് മണ്കട്ടകള് കൊണ്ടല്ല, ആത്മാഭിമാനം കൊണ്ടാണ് ഞങ്ങള് നിര്മ്മിച്ചത്. ഇത് വെറുമൊരു ഇഷ്ടിക റോഡല്ല, ഇതിനര്ത്ഥം ഇനി ഞങ്ങള് ആരുടെയും മുന്നില് യാചിക്കേണ്ടതില്ല എന്നാണ്'-ഗ്രാമവാസിയായ അന്നു മിശ്ര പറഞ്ഞു.
അതേസമയം, 200 മീറ്റര് കോണ്ക്രീറ്റ് റോഡ് നിര്മ്മിക്കുന്നതിനുളള പ്രപ്പോസല് അയച്ചിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്തിന് ഫണ്ടില്ലാത്തതിനാലാണ് റോഡ് നിര്മ്മിക്കാത്തതെന്നും ഗ്രാമ പ്രധാന് പ്രതിനിധി നരേഷ് പര്മര് വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മെയിന്പുരി ജില്ലയിലെ ഉദ്യോഗസ്ഥര് പറഞ്ഞത്. ഗ്രാമം സന്ദര്ശിച്ച് ഗ്രാമവാസികളുടെ പ്രശ്നങ്ങള് ചോദിച്ചറിയുമെന്ന് എസ് ഡിഎം കിഷ്നി ഗോപാല് ശര്മ്മയും വ്യക്തമാക്കി.
Content Highlights: Fedup with 75 year of fake promises, villagers built road on their own and ban politicians in UP