'മോദിജീ എന്താണ് സത്യം?';അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്‍റെ വാക്കുകളില്‍ പ്രധാനമന്ത്രിയോട് രാഹുല്‍

ട്രംപ് ഈ തരത്തില്‍ പറയുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളില്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തിന് അത് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ട്രംപ് ഈ തരത്തില്‍ പറയുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

വ്യാപാര കരാര്‍ മുന്നോട്ട് വെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്ന വാദവും ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം അതീവ ഗുരുതരമായിരുന്നുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുന്ന സ്ഥിതിയില്‍ വരെ കാര്യങ്ങളെത്തിയെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസില്‍ ചില റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകളാണ് സംഘര്‍ഷത്തിനിടയില്‍ വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയും പാകിസ്താനും ആണവ ശക്തികളായതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ നിരവധി യുദ്ധം അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഗുരുതരമായിരുന്നു. ഇവ രണ്ടും ആണവരാജ്യങ്ങളാണ്. അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇറാന്റെ ആണവശേഷി ഞങ്ങള്‍ തകര്‍ത്തത് നിങ്ങള്‍ കണ്ടതാണ്. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വലുതാകുന്നതിന് മുമ്പ് ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാറുണ്ടാക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു. ആയുധങ്ങളും ആണവായുധങ്ങളുമുപയോഗിച്ച് സംഘര്‍ഷം തുടര്‍ന്നാല്‍ ഞങ്ങള്‍ വ്യാപാര കരാറുണ്ടാക്കില്ലെന്ന് ഞങ്ങള്‍ പറഞ്ഞു', ട്രംപ് പറയുന്നു.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തതായി പാകിസ്താന്‍ അവകാശവാദമുന്നയിച്ചിരുന്നു. പാകിസ്താന്റെ കുറച്ച് വിമാനങ്ങള്‍ തകര്‍ത്തതായി ഇന്ത്യയും അവകാശപ്പെട്ടിരുന്നു. ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിച്ചതില്‍ പങ്കുവഹിച്ചെന്ന് നിരന്തരമായി ട്രംപ് അവകാശവാദം ഉന്നയിക്കുകയാണ്. മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടും ട്രംപ് അവകാശവാദം അവസാനിപ്പിച്ചിട്ടില്ല.

ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്ന് ട്രംപിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയും ചെയ്തിരുന്നു. ട്രംപുമായി ഫോണില്‍ സംസാരിച്ചാണ് 'യുഎസ് മധ്യസ്ഥം' ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ തള്ളിയത്. പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കിയിരുന്നു.

Content Highlights: Rahul Gandhi demanded a response from Prime Minister Narendra Modi after US President Donald Trump claim

To advertise here,contact us