ഒഡീഷയിൽ മൂന്ന് യുവാക്കൾ 15കാരിയെ തീകൊളുത്തി; കുട്ടി അതീവ ഗുരുതരാവസ്ഥയിൽ, പ്രതികൾക്കായി തിരച്ചിൽ ഊർജിതം

പെണ്‍കുട്ടി ഭുവനേശ്വര്‍ എയിംസില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

പുരി: ഒഡീഷയിലെ പുരിയില്‍ 15കാരിയെ തീ കൊളുത്തി. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ 8.30ഓടെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. പെണ്‍കുട്ടി ഭുവനേശ്വര്‍ എയിംസില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഭാര്‍ഗവി നദിക്ക് സമീപം വിജനമായ പ്രദേശത്ത് മൂന്ന് അക്രമാരികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. തുടര്‍ന്ന് മൂവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. പെണ്‍കുട്ടിയുടെ അലര്‍ച്ചയും പുകയും കണ്ടതിന് പിന്നാലെ സമീപവാസികള്‍ ഓടിയെത്തി പെണ്‍കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് എത്തിക്കുകയും തുടര്‍ന്ന് ഭുവനേശ്വര്‍ എയിംസിലേക്ക് എത്തിക്കുകയുമായിരുന്നു.

കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വ്യക്തിപരമായ പക കുട്ടിയോട് ആര്‍ക്കുമില്ലെന്നാണ് കുടുംബം അറിയിക്കുന്നത്. കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Content Highlights: Odisha Girl On Way To Friend s House Set On Fire By 3 Men Hospitalised

To advertise here,contact us