പുതിയ ബിജെപി അധ്യക്ഷന്‍ ഉടനില്ല, പ്രഖ്യാപനം വൈകും; ആര്‍എസ്എസിന് അതൃപ്തി

ബിഹാര്‍ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുമ്പോള്‍ അധ്യക്ഷ പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്

ന്യൂഡല്‍ഹി: പുതിയ ബിജെപി അധ്യക്ഷന്‍ ഉടനില്ല. പ്രഖ്യാപനം ഓഗസ്റ്റ് 15ന് ശേഷം ഉണ്ടാകുമെന്നാണ് സൂചന. 2023ല്‍ കാലാവധി കഴിഞ്ഞിട്ടും ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തന്നെ തുടരുകയാണ്. ജനുവരിയില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനായിരുന്നു ആദ്യ തീരുമാനം. ഫെബ്രുവരിയിലേക്കും മാര്‍ച്ചിലേക്കും പിന്നീട് ജൂലായില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് അധ്യക്ഷനെ പ്രഖ്യാപിക്കും എന്നെല്ലാമായിരുന്നു വിവരം. ഇപ്പോള്‍ ഓഗസ്റ്റ് 15ന് ശേഷമേ പ്രഖ്യാപനം ഉണ്ടാകു എന്നാണ് സൂചന.

ബിഹാര്‍ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുമ്പോള്‍ അധ്യക്ഷ പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ആര്‍എസ്എസും ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. ധര്‍മ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, ശിവരാജ് സിംഗ് ചൗഹാന്‍ എന്നീ പേരുകളാണ് പരിഗണനയില്‍ എന്ന വിവരവും പുറത്തുവരുന്നുണ്ട്.

അതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇന്‍ഡ്യാ സഖ്യത്തിൻ്റെ യോഗം നാളെ ചേരും. പാര്‍ലമെന്റ് സമ്മേളനവും ബിഹാര്‍ തെരഞ്ഞെടുപ്പുമൊക്കെ നടക്കാനിരിക്കെ ഇന്‍ഡ്യാ സഖ്യത്തിൻ്റെ യോഗം വിളിക്കാത്തതിനെ വിമര്‍ശിച്ച് ഇടതുപക്ഷവും ശിവസേന നേതാവ് ഉദ്ദവ് താക്കറെയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

Content Highlights: New BJP president Announcement May be delay

To advertise here,contact us