കാത്തിരിപ്പിനോളം ക്ഷമ വേണ്ട മറ്റൊരു കാര്യമില്ലല്ലേ.. കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകള് വൈകി വരുന്ന ട്രെയിന് വേണ്ടി ആണെങ്കിലോ? പ്ലാറ്റ്ഫോമിലെ ബഞ്ചിലിരുന്ന് സമയം കളയണം, അല്ലെങ്കില് നന്നായി തിങ്ങി നിറഞ്ഞ വെയിറ്റിംഗ് ഷെഡില് ഒന്നുകാലുകുത്താന് സ്ഥലമില്ലാത്ത ഇടത് ഇടിച്ചുകയറണം. പക്ഷേ ഇനി ഈ അവസ്ഥ വിശാഖപട്ടണത്തില് എത്തുന്നവര്ക്ക് ഉണ്ടാകില്ല. വിശാഖപട്ടണം റെയില്വേ സ്റ്റേഷനില് എത്തുന്നവര്ക്ക് പുത്തന് സൗകര്യം ഒരുക്കുകയാണ് ഈസ്റ്റ് കോസ്റ്റ് റെയില്വേ സോണിന് കീഴിലുള്ള വാള്ട്ടെര് ഡിവിഷന്. പുത്തന് സംവിധാനത്തിന്റെ പേരാണ് സ്ലീപ്പിങ് പോഡുകള്. ഓണ്ലൈനായി ബുക്ക് ചെയ്യാനും അവസരമുണ്ടെന്നതാണ് പ്രത്യേകത.
പ്രധാനമായും ചികിത്സ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ ആവശ്യങ്ങളുമായി എത്തുന്നവര്ക്ക് കൂടുതല് സൗകര്യങ്ങള് ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വലിയ തുകയൊന്നും ഇതിനായി മുടക്കേണ്ടതില്ലെന്ന് മാത്രമല്ല, ആധുനികമായ ഭൂരിഭാഗം സൗകര്യങ്ങളും ലഭ്യമാവുകയും ചെയ്യും. മെട്രോപൊളിറ്റന് മോഡലുകളില് നിന്ന് പ്രചോദം ഉള്ക്കൊണ്ട് പ്രചോദനം ഉള്ക്കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ സംവിധാനത്തില് സുരക്ഷിതത്വം ഉറപ്പുനല്കുന്നുണ്ട്. വിശാഖപട്ടണം റെയില്വേ സ്റ്റേഷന്റെ ഗേറ്റ് നമ്പര് 3ലെ പ്ലാറ്റ്ഫോം നമ്പര് ഒന്നിലാണ് സ്ലീപിങ് പോഡ് സൗകര്യം. വൃത്തിയും ഉറപ്പുനല്കുന്ന ഇവിടുത്തെ സേവനത്തിന് പ്ലാറ്റ്ഫോം ടിക്കറ്റോ ട്രെയിന് ടിക്കറ്റോ ആവശ്യമില്ല. മാത്രമല്ല പൊതുജനങ്ങള്ക്കും ഇവിടം ആശ്രയിക്കാം.
സ്ലീപിംഗ് പോഡിലെ 88 ബെഡുകളില് 18 എണ്ണം സ്ത്രീകള് മാത്രമാണ്. സിംഗിളും ഡബിളുമുണ്ട്. 15 എണ്ണമാണ് ഡബിള്. സ്ത്രീകള്ക്ക് പ്രത്യേകം ശുചിമുറിയും വസ്ത്രം മാറാനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. മറ്റൊരു കാര്യം എല്ലാ സമയവും ചൂടുവെള്ളം ലഭ്യമാക്കുമെന്നതാണ്. വിസ്താരമുള്ള ശുചിമുറി, ഇന്ഹൗസ് സ്നാക്സ് ബാര്, പ്രത്യേക യാത്രാ ഡെസ്ക് എന്നിവയും സ്ലീപ്പിങ് പോഡിലുണ്ടാകും. 24 മണിക്കൂര് സിംഗിള് പോഡ് ഉപയോഗിക്കുന്നതിന് 400 രൂപയും അത് മൂന്ന് മണിക്കൂറാണെങ്കില് 200 രൂപയുമാണ്. ഡബിളില് പോഡാണെങ്കില് യഥാക്രമം 600 രൂപയും 300 രൂപയുമാണ്.Content Highlights: Visakhapatnam Junction introduced sleeping pods