അഹമ്മദാബാദ് വിമാനാപകടം: കാരണക്കാരൻ ക്യാപ്റ്റനോ?പ്രതി സ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ടുമായി വാൾ സ്ട്രീറ്റ് ജേർണൽ

രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

വാഷിങ്ടണ്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ ക്യാപ്റ്റനെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്ലാക്ക് ബോക്‌സ് റെക്കോര്‍ഡില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരുടെയും സംഭാഷണത്തെ ചൂണ്ടിയാണ് വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്‌സ് പരിശോധിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഉദ്ധരിച്ചാണ് വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട്.

'ബോയിംഗ് 787 ഡ്രീംലൈനറിന്റെ സഹ പൈലറ്റ് എന്തുകൊണ്ടാണ് റണ്‍വേയില്‍ നിന്ന് വിമാനം ഉയര്‍ന്നതിന് പിന്നാലെ സ്വിച്ചുകള്‍ കട്ട് ഓഫ് സ്ഥാനത്തേക്ക് മാറ്റിയതെന്ന് കൂടുതല്‍ പരിചയസമ്പന്നനായ ക്യാപ്റ്റനോട് ചോദിച്ചു. പിന്നാലെ സഹപൈലറ്റ് ആശ്ചര്യം പ്രകടിപ്പിക്കുകയും പിന്നീട് പരിഭ്രാന്തനാകുകയും ചെയ്തു. അപ്പോഴും ക്യാപ്റ്റന്‍ ശാന്തനായി തുടരുകയായിരുന്നു', എന്നാണ് സംഭാഷണത്തിലെ വിവരങ്ങള്‍ വെച്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച പുറത്ത് വന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ അപകടത്തിന്റെ കാരണം ഇന്ധന സ്വിച്ചുമായി ബന്ധപ്പെട്ടതാണെന്ന് മനസിലായിരുന്നെങ്കിലും ഏത് പൈലറ്റാണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ലെന്നാണ് വാള്‍ സ്ട്രീറ്റിൻ്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഒരു പൈലറ്റ് എന്തിനാണ് സ്വിച്ച് മാറ്റിയതെന്ന് ചോദിച്ചുവെന്നും മറ്റൊരാള്‍ അത് നിഷേധിച്ചെന്നുമാണ് എഎഐബിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതെന്ന് വാള്‍ സ്ട്രീറ്റ് പറയുന്നുണ്ട്.

'അമേരിക്കന്‍ പൈലറ്റുകളെയും അപകടം അന്വേഷിക്കുന്ന സുരക്ഷാ വിദഗ്ദരെയും സൂചിപ്പിച്ച് കൊണ്ട് അത് ക്യാപ്റ്റനായിരിക്കുമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ സ്വിച്ച് ഓഫ് ചെയ്തത് മനപ്പൂര്‍വ്വമാണോ അതോ ആകസ്മികമാണോയെന്ന് പറഞ്ഞിരുന്നില്ല. അപകടത്തിലേക്ക് നയിച്ച കാരണമോ ഇന്ധന സ്വിച്ചുകള്‍ ഓഫാക്കിയത് എന്തിനാണോയെന്ന വിവരമോ ഇന്ത്യന്‍ അധികാരികളുടെ പ്രാഥമിക റിപ്പോര്‍ട്ടിലില്ല. വിമാനത്തിന്റെ ഡിസൈന്‍ പിഴവുകള്‍, തകരാറുകള്‍, അറ്റകുറ്റപ്പണി തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞില്ല. മാത്രവുമല്ല മനഃശാസ്ത്ര വിദഗ്ധരുടെ ആവശ്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു', വാള്‍ സ്ട്രീറ്റില്‍ പറയുന്നു.

അതേസമയം പൈലറ്റുമാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോള്‍, ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെയും എഎഐബിയിലെയും ഒരു പ്രസ് ഓഫീസര്‍ ഇത് ഏകപക്ഷീയമാണെന്ന് പറയുകയും അഭിപ്രായം പറയാന്‍ വിസമ്മതിച്ചെന്നും വാള്‍ സ്ട്രീറ്റ് ജേർണൽ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപൂര്‍ണ്ണമായ തെളിവുകളും വിശകലനങ്ങളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസവും കാരണം വ്യോമയാന ദുരന്തങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒരിക്കലും പൂര്‍ണമാകില്ലെന്നും ചില സന്ദര്‍ഭങ്ങളില്‍ അന്താരാഷ്ട്ര അപകടങ്ങളിലെ അന്വേഷണങ്ങളില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ അന്തിമ വിലയിരുത്തലില്‍ പോലും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്നും വാള്‍ സ്ട്രീറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്.

അപകടത്തിന് ശേഷം ബോയിംഗ്, എഞ്ചിന്‍ നിര്‍മ്മാതാക്കളായ ജിഇ എയ്റോസ്പേസ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവര്‍ 787 ഓപ്പറേറ്റര്‍മാര്‍ക്ക് സുരക്ഷാ ബുള്ളറ്റിനുകളോ നിര്‍ദ്ദേശങ്ങളോ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ തുടര്‍ച്ചയായി ഫ്‌ളിപ്പ് ചെയ്തത് മനപ്പൂര്‍വ്വമായ ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്നുവെന്നാണ് 1999-ല്‍ ഈജിപ്ത് എയര്‍ ഫ്‌ലൈറ്റ് 990 തകര്‍ന്നതിനെക്കുറിച്ചുള്ള അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബോര്‍ഡ് (എന്‍ടിഎസ്ബി) ഉദ്യോഗസ്ഥനായ ബെന്‍ ബെര്‍മാനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. Content Highlights: Ahmedabad Air India plane crash Wall street journal point Captain Sumeet Sabharwal

To advertise here,contact us