സ്വർണം മോഷ്ടിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ സുഖനിദ്ര; ജാർഖണ്ഡിൽ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്

റാഞ്ചി: പണവും സ്വര്‍ണവും മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍ തന്നെ കിടന്നുറങ്ങി. പിന്നാലെനാട്ടുകാരെത്തി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ജാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിങ്ബമ്മിലാണ് സംഭവം.

പ്രദേശത്തെ കാളി ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയതായിരുന്നു പ്രതിയായ വീര്‍ നായക്. ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ കള്ളന്‍ സ്വര്‍ണാഭരണങ്ങളും പണവുമെല്ലാം കൈകലാക്കിയ ശേഷം ദേവി വിഗ്രഹത്തിനടുത്ത് കിടന്ന് ഉറങ്ങി പോവുകയായിരുന്നു. രാവിലെ ക്ഷേത്ര പൂജാരിയെത്തിയപ്പോഴും ഇയാള്‍ ഇവിടെ കിടന്നുറങ്ങുകയായിരുന്നു. പിന്നാലെ നാട്ടുകാരെ വിളിച്ചു കൂട്ടി കള്ളനെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. താൻ മോഷണ ശ്രമം നടത്തിയെന്നും എന്നാല്‍ എപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ലായെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്.

Content Highlights- Thief sleeping inside the temple with gold, locals caught red-handed

To advertise here,contact us