കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന്, കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാൻ തീരുമാനം; തരൂർ പങ്കെടുക്കില്ല

സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ 10 ജൻപഥിലുള്ള വസതിയിലാണ് യോഗം ചേരുക.

ഇന്ത്യ-പാക് സംഘർഷം, വോട്ടർപട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാനാപകടം, ഇന്ത്യയ്‌ക്കെതിരെ യുഎസ് തീരുവ ചുമത്തൽ, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, പണപ്പെരുപ്പം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതടക്കം ചർച്ചയാകും. യോഗത്തിലേക്ക് ശശി തരൂരിന് ക്ഷണമുണ്ടെങ്കിലും വിദേശത്തുള്ളതിനാൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം. ജൂലൈ 21-നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ഉപനേതാക്കൾ, പാർട്ടി ചീഫ് വിപ്പുമാർ തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 21വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുക. കൂടുതൽ ബില്ലുകൾ ഇത്തവണത്തെ സമ്മേളനത്തിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Ahead of Monsoon Session Congress to hold strategy meet to discuss key issues

To advertise here,contact us