ന്യൂഡല്ഹി: പാതിവില തട്ടിപ്പ് കേസില് റിട്ട. ജസ്റ്റിസ് സി എന് രാമചന്ദ്രനെ കേസില് നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല് സുപ്രീം കോടതി തള്ളി. സി.എന് രാമചന്ദ്രന് നായര്ക്ക് എതിരായ ആരോപണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണം എന്ന ആവശ്യമാണ് കോടതി തള്ളിയത്. നടപടിക്രമങ്ങള് പാലിക്കാതെയും ശരിയായ അന്വേഷണം നടത്താതെയുമാണ് ജസ്റ്റിസ് രാമചന്ദ്രന് നായരുടെ പേര് കേസില് നിന്നും ഒഴുവാക്കിയതെന്ന് ഹര്ജിക്കാര്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സുവിദത്ത് സുന്ദരം വാദിച്ചു. ഇക്കാര്യത്തില് അന്വേഷണ ഉദ്യാഗസ്ഥനില് നിന്ന് കേസുമായി ബന്ധപ്പെട്ട ഒരു റിപ്പോര്ട്ടും ഹൈക്കോടതി തേടിയിട്ടില്ലെന്നും സുവിദത്ത് സുന്ദരം വാദിച്ചു.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റു കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തില് നില്ക്കുമ്പോള് ആരോപണ വിധേയനായ വ്യക്തിയെ അന്വേഷണ പരിതിയില് നിന്നും ഒഴിവാക്കുന്നത് ശരിയായ കാര്യമല്ലെന്നും സുവിദത്ത് സുന്ദരം കേടതിയില് ചൂണ്ടിക്കാട്ടി. എന്നാല് നിലവില് കേസില് അന്വേഷണം നടക്കുന്നതിനാല് ഇടപെടാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജോയിന്റ് വോളന്ററി ആക്ഷന് ഫോര് ലീഗല് ആള്ട്ടര്നെറ്റീവ്സ്, മിത്രം ചാരിറ്റബിള് ട്രസ്റ്റ്, കോട്ടക്കുന്ന് അഗ്രോ ആന്റ് പൗള്ട്ടറി ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് രാമചന്ദ്രന് നായര്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലയിലെ പെരുന്തല്മണ്ണ പോലീസ് സ്റ്റേഷനില് ജസ്റ്റിസ് രാമചന്ദ്രന് നായര്ക്ക് എതിരെ രജിസ്റ്റര് ചെയത കേസിലെ അന്വേഷണം തുടരാന് നിര്ദേശിക്കണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നുണ്ട്.Content Highlights: Supreme Court rejects plea seeking investigation against Justice C N Ramachandran Nair