പഹല്‍ഗാം ഭീകരാക്രമണം; 'സുരക്ഷാ വീഴ്ചയുണ്ടായി': ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍

ആക്രമണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ലഫ്. ഗവര്‍ണര്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്

ജമ്മു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ലഫ്. ഗവര്‍ണര്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ 'ടൈംസ് ഓഫ് ഇന്ത്യ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജ് സിന്‍ഹയുടെ പ്രതികരണം.

'പഹല്‍ഗാമില്‍ നടന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെട്ടു. നടന്നത് സുരക്ഷാവീഴ്ചയാണ്. എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം. ആക്രമണം നടന്ന സ്ഥലം തുറസായ ഒരു മൈതാനമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നില്‍ക്കാനുള്ള മുറിയോ സൗകര്യമോ അവിടെയില്ല', എന്നായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം.

നടന്നത് പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമത്തില്‍ പ്രദേശത്തുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ജമ്മു കശ്മീരിലെ സുരക്ഷാ അന്തരീക്ഷം മൊത്തത്തില്‍ തകര്‍ന്നിരിക്കുന്നുവെന്ന വാദം തെറ്റാണെന്നും മനോജ് സിന്‍ഹ പറഞ്ഞു. 'ഇത് രാജ്യത്തിന്റെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുന്നതും ആസൂത്രിതവുമായ ആക്രമണമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ജമ്മു കശ്മീര്‍ ജനതയ്‌ക്കെതിരെ തിരിച്ചടിയുണ്ടാക്കാനും വര്‍ഗീയ വിഭജനം സൃഷ്ടിക്കാനുമുള്ള ഉദ്ദേശ്യത്തോടെയായിരുന്നു അയല്‍രാജ്യത്തിന്റെ അക്രമം. ജമ്മു കശ്മീര്‍ സമാധാനത്തോടെയിരിക്കാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നില്ല', അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് ശേഷമുണ്ടായ ജമ്മു കശ്മീര്‍ ജനതയുടെ അപലപനവും പ്രതിഷേധവും പാകിസ്താനും തീവ്രവാദ സംഘടനകള്‍ക്കുമുള്ള തക്ക മറുപടിയായിരുന്നു. ഇവിടെ തീവ്രവാദം അനുവദിക്കില്ലെന്ന കൃത്യമായ സൂചനയാണ് അവര്‍ നല്‍കിയതെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി. കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.

ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Pahalgam Terror attack news Jammu Kashmir LG Manoj Sinha take responsibility

To advertise here,contact us