നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ഹര്‍ജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

ഡൽഹി : യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി നിരന്തരം ഇടപെടുന്നുണ്ടെന്നും ഗള്‍ഫ് മേഖലയിലെ സ്വാധീനശക്തിയുള്ള ഷേഖുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വഴി പരമാവധി പരിശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. അതിനാൽ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും നിര്‍ഭാഗ്യകരമായ സാഹചര്യമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വിശദീകരിച്ചു. സെന്‍സിറ്റീവ് ആയ രാജ്യമാണ് യെമന്‍. അതിനാൽ ഹൂതി നിയന്ത്രണത്തിലുള്ള മേഖലയുമായി നയതന്ത്രബന്ധം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ബ്ലഡ് മണി സ്വാകാര്യമായ ഇടപാടാണെന്നും നയതന്ത്രത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സര്‍ക്കാർ വിശദീകരിച്ചു. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള ബ്ലഡ് മണി നല്‍കുന്നതിന് തയ്യാറാണെന്നും സാധ്യമായ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ചര്‍ച്ച നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ലഭിച്ചെങ്കിലും ഹര്‍ജി തീര്‍പ്പാക്കരുതെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഹര്‍ജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദു മഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേര്‍ന്ന് യെമനിലേക്ക് പോയത്. നാട്ടില്‍ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവര്‍ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യെമന്‍ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തതില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുന്നതും. യെമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്.

ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും ചെയ്തു. സഹിക്കാന്‍ വയ്യെന്ന ഘട്ടത്തില്‍ നിമിഷപ്രിയ അധികൃതര്‍ക്ക് പരാതി നല്‍കി, ഇതോടെ തലാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ആരംഭിച്ചു. ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താന്‍ തലാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.

Content Highlights: Centre tells Supreme Court that there is nothing more to be done to avoid death penalty

To advertise here,contact us