ഭുവനേശ്വര്: ഒഡിഷയില് ബാലസോറിലുള്ള കോളേജില് അധ്യാപകന്റെ നിരന്തരമായ ശല്യം ചെയ്യല് സഹിക്കാന് കഴിയാതെ വിദ്യാര്ഥി സ്വയം തീകൊളുത്തി. 95 ശതമാനം പൊള്ളലേറ്റ പെണ്കുട്ടി ഗുരുതരമായ അവസ്ഥയില് ആശുപത്രിയില് ചികിത്സയിലാണ്. പെണ്കുട്ടിയെ രക്ഷിക്കാന് ശ്രമിച്ച മറ്റ് വിദ്യാര്ഥികള്ക്കും 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. വിദ്യാര്ഥിനിയുടെ ഡിപ്പാര്ട്ട്മെന്റ് ഹെഡ് നിരന്തരം ലൈംഗിക താല്പര്യവുമായി ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇതിനെ എതിര്ത്ത പെണ്കുട്ടിയുടെ ഭാവി തന്നെ ഇല്ലാതാക്കുമെന്ന് ഇയാള് ഭീഷണിയും മുഴക്കി. ഇതോടെയാണ് വിദ്യാര്ഥിനി ജീവനൊടുക്കാന് തീരുമാനിച്ചത്. സംഭവത്തില് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെയും കോളേജ് പ്രിന്സിപ്പാളിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് സസ്പെന്ഡ് ചെയ്തു. പ്രതികള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സൂര്യബന്ഷി സുരാജ് അറിയിച്ചിട്ടുണ്ട്.
ഫക്കീര് മോഹന് കോളേജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാം വിദ്യാര്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജൂലൈ ഒന്നിന് ഡിപ്പാര്ട്ട്മെന്റ് ഹെഡ് സമിര് കുമാര് സാഹുവിനെതിരെ വിദ്യാര്ഥിനി ഇന്റേണല് കംപ്ലയ്ന്റ് കമ്മിറ്റിയില് പരാതി നല്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില് നടപടിയുണ്ടാകുമെന്ന് അധികൃതര് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. തുടര്ന്നാണ് പെണ്കുട്ടി കടുംകൈ ചെയ്തത്.
ശനിയാഴ്ച, പെണ്കുട്ടിയും സഹപാഠികളും കോളേജ് ഗേറ്റിന് മുന്നില് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പെട്ടെന്ന് അവിടെ നിന്നും പ്രിന്സിപ്പാളിന്റെ ഓഫീസിന് മുന്നിലേക്ക് ഓടിപ്പോയ വിദ്യാര്ഥിനി സ്വയം പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അതേസമയം പരാതിയില് നടപടി സ്വീകരിക്കാനിരിക്കെയാണ് പെണ്കുട്ടി ഇത്തരത്തില് പ്രതികരിച്ചതെന്നാണ് പ്രിന്സിപ്പാള് ദിലീപ് ഖോഷ് പറയുന്നത്. പരാതിയെ തുടര്ന്ന് സഹുവിനെ വിളിപ്പിച്ചപ്പോള് ആരോപണങ്ങളെല്ലാം അയാള് തള്ളിയെന്നും പ്രിന്സിപ്പാള് പറയുന്നു.
വിദ്യാര്ത്ഥിനിയും മറ്റ് കുട്ടികളും നിലവില് ഭുവനേശ്വര് എഐഐഎംഎസില് ചികിത്സയിലാണ്.Content Highlights: Head of the department asks for sexual favours student sets her ablaze in Odisha