ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില് യുവതിയെ കൊന്ന് തുണിയില് പൊതിഞ്ഞ് ഉപേക്ഷിച്ച സംഭവത്തില് ഭര്ത്താവിന്റെ പിതാവും മാതാവുമടക്കം മൂന്നുപേര് അറസ്റ്റില്. യുവതിയുടെ ഭര്ത്താവിന്റെ പിതാവ് കൃഷന്, മാതാവ് ദുലാരി, ബന്ധുവായ അജയ് എന്നിവരാണ് അറസ്റ്റിലായത്. ലഖ്നൗ സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. ബൈക്കിന്റെ മുന്വശത്ത് വെച്ചാണ് മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുവന്നത്. പുറത്തുകറങ്ങാന് പോയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്.
ഭര്തൃവീട്ടില് താമസിക്കാന് യുവതി വിസമ്മതിച്ചതില് പ്രകോപിതരായ പ്രതികള് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി മഹാരാജ് നഗറിലെ വാടക വീട്ടില്വെച്ചാണ് യുവതി കൊല്ലപ്പെട്ടത്. കൊലയ്ക്കുപിന്നിലെ കാരണം കുടുംബകലഹമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര് രൂപീന്ദര് സിംഗ് പറഞ്ഞു. പതിവായി യുവതി വീട്ടില് നിന്ന് അനുവാദമില്ലാതെ പുറത്തിറങ്ങുമായിരുന്നു. രാത്രി പത്തോ പതിനൊന്നോ മണിയോടെയാണ് തിരിച്ചെത്തുക. ഇക്കാരണത്താല് യുവതിയുമായി തര്ക്കമുണ്ടായിരുന്നു എന്ന് ഭര്തൃവീട്ടുകാര് സമ്മതിച്ചിട്ടുണ്ട്.
രേഷ്മയെ കൊലപ്പെടുത്തിയതിനു ശേഷം കൃഷനും അജയ്യും ചേര്ന്ന് മൃതദേഹം ചാക്കില് കയറ്റി തുണിയില് പൊതിഞ്ഞ് ബൈക്കില് കയറ്റുകയായിരുന്നു. ഫിറോസ്പൂര് റോഡില് മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല് ആരതി ചൗക്കിന് സമീപമെത്തിയപ്പോള് ചാക്ക് റോഡിലേക്ക് വീണു. ഇതോടെ കിഷന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ആദ്യം ചാക്ക് തിരികെ എടുത്ത് പോയ അജയ് വീണ്ടും ഇതേ സ്ഥലത്തെത്തി ഉപേക്ഷിക്കാന് ശ്രമിച്ചു. ഇത് ശ്രദ്ധയില്പ്പെട്ട സമീപത്തെ തെരുവുകച്ചവടക്കാര് മാലിന്യം ഉപേക്ഷിക്കുകയാണെന്ന് കരുതി അജയ്യെ തടഞ്ഞു. ചാക്കില് ചീഞ്ഞ മാമ്പഴമാണെന്ന് അജയ് അവരോട് പറഞ്ഞു. എന്നാല് ഇതുകണ്ടു നിന്നവരില് ഒരാള് ചാക്കില് പിടിച്ചപ്പോള് അതിനകത്ത് മനുഷ്യശരീരം പോലെ തോന്നി. ചോദ്യംചെയ്തതോടെ ഇയാള് ഓടിരക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര് ചാക്ക് തുറന്നുനോക്കിയപ്പോള് മൃതദേഹം കണ്ടെത്തുകയായിരുന്നു. തര്ക്കമുണ്ടായപ്പോള് തന്നെ കണ്ടുനിന്നവര് വീഡിയോ എടുത്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതികളുടെ വീട്ടുടമയും പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. രേഷ്മയും ഭര്തൃവീട്ടുകാരും തമ്മില് രൂക്ഷമായ തര്ക്കം നടന്നിരുന്നുവെന്നും പിറ്റേന്ന് വീടിനുമുന്നില് ചാക്ക് കണ്ടെന്നും ഇയാള് പൊലീസിന് നല്കിയ മൊഴിയില് പറയുന്നു. കുടുംബം വീടുമാറാന് പദ്ധതിയിട്ടിരുന്നതിനാൽ അത് വീട്ടുപകരണങ്ങളായിരിക്കുമെന്നാണ് കരുതിയത്. വീഡിയോ പുറത്തുവന്നപ്പോഴാണ് സത്യാവസ്ഥ മനസിലായതെന്നും വീട്ടുടമ പറഞ്ഞു. രേഷ്മയുടെ ഭര്ത്താവ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇയാള് ഉത്തര്പ്രദേശിലാണ് താമസം.
Content Highlights:Woman killed, wrapped in cloth and dumped in Ludhiana: Husband's father and mother arrested