കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ വ്യാഴാഴ്ച രാത്രിയിലാണ് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റജ്ജഖ് ഖാനെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. ഭംഗറിലെ ചാൽതബേരിയ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭംഗർ ബസാറിൽ നിന്ന് മാരീചയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. രാത്രി 10 മണിയോടെ ഒരു കനാലിനടുത്ത് പതിയിരുന്ന് ഖാനെ ആക്രമിക്കുകയായിരുന്നു.
അക്രമികൾ ആദ്യം ഖാനെ വെടിവയ്ക്കുകയും പിന്നീട് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് തൊട്ടുപിന്നാലെ കാശിപൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് നിന്നും പൊലീസ് സംഘം പ്രാഥമിക തെളിവുകൾ ശേഖരിച്ചു.
ഖാനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന കാനിംഗിൽ നിന്നുള്ള തൃണമൂൽ എംഎൽഎ സൗകത് മൊല്ല സംഭവം നടന്ന ഉടൻ സ്ഥലത്തെത്തി. കൊലപാതകത്തിൽ സൗകത് മൊല്ല കടുത്ത ഞെട്ടലും രോഷവും പ്രകടിപ്പിച്ചു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. കൊലപാതക കാരണം സംബന്ധിച്ച് ഇതുവരെ സൂചനയില്ല.
Content Highlights: Trinamool leader shot, hacked to death with sharp weapons in Bengal