ദക്ഷിണേന്ത്യക്കാർ ലേഡീസ് ഡാൻസ് ബാർ നടത്തുന്നവർ, നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുന്നു: ശിവസേന എംഎൽഎ

ദക്ഷിണേന്ത്യൻ വംശജർക്ക് നേരെ അധിക്ഷേപ പരാമർശവുമായി മഹാരാഷ്ട്രയിലെ ശിവസേന എംഎൽഎ

മുംബൈ: ദക്ഷിണേന്ത്യൻ വംശജർക്ക് നേരെ അധിക്ഷേപ പരാമർശവുമായി മഹാരാഷ്ട്രയിലെ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ്. ദക്ഷിണേന്ത്യക്കാർ വെറും ലേഡീസ് ഡാൻസ് ബാർ നടത്തുന്നവരാണെന്നും അവർ മഹാരാഷ്ട്രയുടെ സംസ്കാരം തകർക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഭക്ഷണത്തിൽ ദുർഗന്ധം അനുഭവപ്പെട്ടു എന്നതിന്റെ പേരിൽ എംഎൽഎ കാന്റീൻ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു എംഎൽഎ അധിക്ഷേപ പരാമർശം നടത്തിയത്.

'എന്തുകൊണ്ടാണ് ഷെട്ടി എന്ന് പേരുള്ളയാൾക്ക് കരാർ നൽകിയത്? ഒരു മറാത്തിക്ക് നൽകണമായിരുന്നു. നമ്മൾ എന്ത് കഴിക്കുമെന്ന് അവർക്കറിയാമെന്നതിനാൽ നല്ല ഭക്ഷണം ലഭിക്കും. ഈ ദക്ഷിണേന്ത്യക്കാർ ഡാൻസ് ബാർ, ലേഡീസ് ബാർ എന്നിവ നടത്തി മഹാരാഷ്ട്രയുടെ സംസ്കാരത്തെ നശിപ്പിച്ചവരാണ്. അവർ നമ്മുടെ കുട്ടികളെ നശിപ്പിക്കുന്നവരാണ്. അവർ എങ്ങനെ നല്ല ഭക്ഷണം ഉണ്ടാക്കിനൽകും?' എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.

നേരത്തെ എംഎൽഎ ജീവനക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. പരിപ്പുകറിക്ക് സ്വാദില്ല എന്നും ദുര്‍ഗന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. മർദ്ദനത്തിൻ്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ വിവാദമുയർന്നിരുന്നു.

എന്നാല്‍ സംഭവത്തില്‍ തനിക്ക് ഖേദമൊന്നുമില്ല എന്നായിരുന്നു സഞ്ജയ് ഗെയ്ക്ക്‌വാദിന്റെ പ്രതികരണം. താന്‍ രണ്ട് തവണ താക്കീത് നല്‍കിയിട്ടും ഭക്ഷണം മോശമായി തന്നെയാണ് നല്‍കിയതെന്നും പല തവണ ഭക്ഷണത്തില്‍ മുടി കണ്ടിട്ടുണ്ടെന്നുമായിരുന്നു എംഎല്‍എയുടെ ആരോപണം. നേരത്തെയും സഞ്ജയ് ഗെയ്ക്ക്‌വാദ്‌ വിവാദത്തിൽപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നാക്ക് വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കാമെന്ന് സഞ്ജയ് ഗെയ്ക്ക്‌വാദ്‌ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.

Content Highlights: Shivsena MLA obscene remarks against south indians controversial

To advertise here,contact us