മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളില് ആര്ത്തവ പരിശോധന. താനെയിലുളള ആര് എസ് ധമാനി സ്കൂളിലാണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ വസ്ത്രം അഴിപ്പിച്ച് ആര്ത്തവ പരിശോധന നടത്തിയത്. അഞ്ചുമുതല് പത്തുവരെ ക്ലാസുകളിലെ കുട്ടികളെയാണ് ആര്ത്തവമുണ്ടോ എന്ന് പരിശോധിക്കാനായി വസ്ത്രം അഴിപ്പിച്ചത്. അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്കൂളിലെ ശുചിമുറിയില് രക്തക്കറ കണ്ടതിനുപിന്നാലെയാണ് വിദ്യാര്ത്ഥികളെ പരിശോധിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.
അഞ്ചുമുതല് പത്തുവരെ ക്ലാസുകളിലുളള പെണ്കുട്ടികളെ പ്രിന്സിപ്പൽ സ്കൂള് ഹാളിലേക്ക് വിളിച്ചുവരുത്തി ശുചിമുറിയില് കണ്ടെത്തിയ രക്തക്കറയുടെ ചിത്രങ്ങള് കാണിച്ചു. തുടര്ന്ന് വിദ്യാര്ത്ഥികളില് ആര്ത്തവമുളളവരെയും ഇല്ലാത്തവരെയും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മാറി നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു. ശേഷം ആര്ത്തവമില്ലെന്ന് പറഞ്ഞ പത്തിനും പന്ത്രണ്ടിനും ഇടയില് പ്രായമുളള കുട്ടികളെ പരിശോധിക്കാന് വനിതാ ജീവനക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങളില് സ്പര്ശിച്ചാണ് പരിശോധന നടത്തിയത്. ആര്ത്തവമില്ലെന്ന് പറഞ്ഞ പെണ്കുട്ടികളില് ഒരാള് സാനിറ്ററി നാപ്കിന് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതോടെ കുട്ടിയെ മറ്റ് വിദ്യാര്ത്ഥികളുടെയും ജീവനക്കാരുടെയും മുന്നില്വെച്ച് വഴക്കുപറയുകയും അപമാനിക്കുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞതോടെ സ്കൂള് അധികൃതര്ക്കെതിരെ വ്യാപക വിമര്ശനമാണ് ഉയരുന്നത്. സംഭവം അറിഞ്ഞ് സ്കൂളിലെത്തിയ മാതാപിതാക്കള് പ്രതിഷേധിച്ചു. പ്രിന്സിപ്പാള് അടക്കമുളളവരെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള് പ്രതിഷേധിച്ചത്. സ്കൂള് പ്രിന്സിപ്പാള്, ഒരു പ്യൂണ്, രണ്ട് അധ്യാപകര്, രണ്ട് ട്രസ്റ്റികള് എന്നിവര്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രിന്സിപ്പാളും പ്യൂണും അറസ്റ്റിലായി. മറ്റ് നാലുപേര്ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
Content Highlights: Minor girls stripped for periods check in maharashtra school after found blood stain in bathroom