ബെംഗളൂരുവില്‍ സമ്മതമില്ലാതെ സ്ത്രീകളുടെ റീലെടുത്ത സംഭവം; പ്രതി അറസ്റ്റിൽ

ബെംഗളൂരു പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ സമ്മതിമില്ലാതെ സ്ത്രീകളുടെ വീഡിയോകള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുര്‍ദീപ് സിങ് എന്ന 26 കാരനാണ് പിടിയിലായത്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ ഇയാള്‍ ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലും മറ്റ് ഭാഗങ്ങളിലും യാത്ര ചെയ്യുന്ന അനുവാദമില്ലാതെ സ്ത്രീകളുടെ വീഡിയോ പകര്‍ത്തി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ഇത്തരത്തില്‍ ഗുര്‍ദീപ് പകര്‍ത്തിയ വീഡിയോയിലുണ്ടായിരുന്ന ഒരു യുവതിയാണ് വിഷയം ചൂണ്ടിക്കാട്ടി നെറ്റിസണസിന് മുന്നിൽ എത്തിയത്. താന്‍ നടന്നു പോകുന്ന വീഡിയോ റീലാക്കി പോസ്റ്റ് ചെയ്തതിന് പിന്നാലെ തനിക്ക് അജ്ഞാത അക്കൗണ്ടുകളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വരുന്നുവെന്ന് യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. തന്റേത് പബ്ലിക്ക് അക്കൗണ്ടായതു കൊണ്ട് എന്തും അയക്കാമെന്ന് കരുതേണ്ടായെന്നും സമ്മതം എന്നത് വളരെ പ്രധാനമാണെന്ന് ഇവര്‍ക്കറിയില്ലായെന്നും യുവതി പ്രതികരിച്ചു. കാഴ്ചക്കാരെ നേടാനായി ആളുകളുടെ സമ്മതമില്ലാതെ വീഡിയോകള്‍ എടുത്ത് പങ്കുവെക്കുന്നത് ശരിയല്ലായെന്നും യുവതി സൈബര്‍ പൊലീസിനെയും ബാംഗ്ലൂര്‍ സിറ്റി പൊലീസിനെയും ടാഗ് ചെയ്ത പോസ്റ്റില്‍ പറഞ്ഞു. പിന്നാലെ ബെംഗളൂരു പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights- Hotel management graduate arrested for filming women without their consent in Bengaluru

To advertise here,contact us