പ്രാർത്ഥിക്കാൻ ഞായറാഴ്ചകളിൽ പള്ളിയിൽ പോയി; തിരുപ്പതി തിരുമല ക്ഷേത്രം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

രാജശേഖർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്

ഹൈദരാബാദ്: ഞായറാഴ്ചകളിൽ പതിവായി പള്ളിയിൽ പോയി പ്രാർത്ഥനയിൽ പങ്കെടുത്തു എന്ന ആരോപണത്തിന് പിന്നാലെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ (എഇഒ) എ രാജശേഖർ ബാബുവിനെ സസ്‌പെൻഡ് ചെയ്തു. തിരുപ്പതി ദേവസ്വത്തെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ എന്നാണ് ദേവസ്വം വ്യക്തമാക്കുന്നത്. രാജശേഖർ ബാബു തൻ്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരിൽ എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് ടിടിഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തിരുപ്പതി ജില്ലയിലെ വെങ്കിടേശ്വര ക്ഷേത്ര ഭരണസമിതി പ്രസ്താവനയിൽ പറയുന്നുണ്ട്.

ഒരു ജീവനക്കാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാജശേഖർ പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ടിടിഡി വ്യക്തമാക്കി. ഈ പെരുമാറ്റം ടിടിഡി മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോർട്ടും മറ്റ് തെളിവുകളും ടിടിഡി വിജിലൻസ് വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് രാജശേഖർ ബാബുവിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചത്. രാജശേഖർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.

രാജശേഖർ ബാബു എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തുവെന്ന് ആരോപണം ഉയർന്നിരുന്നു. ഹിന്ദു വിഭാഗത്തിൻ്റേതല്ലാത്ത മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ വ്യാപകമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടിടിഡിയുടെ തീരുമാനം. നേരത്തെ സമാനമായ കാരണങ്ങളാൽ അധ്യാപകർ, സാങ്കേതിക ഉദ്യോഗസ്ഥർ, നഴ്‌സുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 18 ജീവനക്കാരെ ടിടിഡി സ്ഥലം മാറ്റിയിരുന്നു.

Content Highlight : Tirupati Temple Board Suspends Official For Attending Church Prayers

To advertise here,contact us