പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്ത് നടപ്പാക്കുന്ന സ്പെഷ്യല് ഇൻ്റന്സീവ് റിവിഷനെതിരെ പ്രതിഷേധവുമായി ഇന്ഡ്യാ സഖ്യം. സോന്പൂരിലും ഹാജിപൂരിലും ആര്ജെഡി പ്രവര്ത്തകര് റോഡിലിറങ്ങി പ്രതിഷേധിച്ചു. ടയറുകള് കത്തിച്ച് റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. ജഹനാബാദില് ആര്ജെഡിയുടെ വിദ്യാര്ത്ഥി സംഘടന റെയില്വേ ട്രാക്കുകള് ഉപരോധിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും ആര്ജെഡി നേതാവും മുന് ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പ്രതിഷേധത്തില് പങ്കെടുക്കുന്നുണ്ട്. ഗോലാംബറിലെ ആദായനികുതി ഓഫീസില് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാര്ച്ചിലാണ് രാഹുല് ഗാന്ധിയും തേജസ്വി യാദവും പങ്കെടുക്കുന്നത്. ആര്ജെഡി, കോണ്ഗ്രസ്, ഇടതുപക്ഷ പാര്ട്ടികള്, വികാസ് ശീല് ഇന്സാന് പാര്ട്ടി തുടങ്ങിയ മഹാഗഡ്ബന്ധന് പാര്ട്ടികളുടെ പിന്തുണയോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച്ച നടന്ന വാര്ത്താസമ്മേളനത്തിലാണ് തേജസ്വി യാദവ്, ബിഹാര് കോണ്ഗ്രസ് അധ്യക്ഷന് രാജേഷ് കുമാര്, ബിഹാര് ചുമതലയുളള എഐസിസി അധ്യക്ഷന് കൃഷ്ണ അല്ലവരു എന്നീ നേതാക്കള് പ്രതിഷേധം പ്രഖ്യാപിച്ചത്. ബിഹാറില് ഉടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് തേജസ്വി യാദവ് പറഞ്ഞത്. വോട്ടര്പട്ടിക പുതുക്കലിനെ പ്രതിപക്ഷം ശക്തമായി എതിര്ക്കുകയാണെന്നും ഭരണകക്ഷിയായ എന്ഡിഎയ്ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനുളള നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതെന്നും തേജസ്വി യാദവ് പറഞ്ഞു.
ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് 2003-ലെ വോട്ടര്പട്ടികയാണ് ആധികാരികമെന്നും ആ പട്ടികയില് ഉള്പ്പെടാത്ത എല്ലാവരും രേഖകള് സമര്പ്പിച്ച് വോട്ടറാണെന്ന് തെളിയിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശം. എന്നാല്, വോട്ടറാണെന്ന് തെളിയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടുന്നത് ആധാര് കാര്ഡോ, വോട്ടര് ഐഡിയോ, തൊഴിലുറപ്പ് കാര്ഡോ അല്ല. പാസ്പോര്ട്ട്, മെട്രിക്കുലേഷന് സര്ട്ടിഫിക്കറ്റ്, പെര്മനന്റ് റെഡിഡന്റ്സ് സര്ട്ടിഫിക്കറ്റ്, ഫോറസ്റ്റ് റൈറ്റ് സര്ട്ടിഫിക്കറ്റ്, ഒബിസി - എസ് സി - എസ് ടി സര്ട്ടിഫിക്കറ്റ്, ഫാമിലി രജിസ്റ്റര്, ലാന്ഡ് സര്ട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യപ്പെടുന്നത്. ജൂലൈ 25-നകം വോട്ടര്പട്ടികയില് പേരുചേര്ക്കാന് ആഗ്രഹിക്കുന്നവര് അപേക്ഷ സമര്പ്പിച്ച് ഈ രേഖകള് ഹാജരാക്കണമെന്നതാണ് നിര്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുവരുന്നത്.
Content Highlights: India Alliance's protest against voter list revision in Bihar: Rahul and Tejashwi will participateContent Highlights: