ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന ചരിഞ്ഞു; 'വത്സല'യ്ക്ക് കേരളവുമായി ബന്ധം

കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയത്

പന്ന: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന ചരിഞ്ഞു. 'വത്സല' എന്ന് പേരുള്ള നൂറ് വയസിന് മുകളില്‍ പ്രായമുള്ള ആനയാണ് ചരിഞ്ഞത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയത്. ഒന്നിലധികം അവയവങ്ങള്‍ തകരാറിലായിരുന്ന ആന മെഡിക്കല്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലായിരുന്നു. പിന്നാലെ ആരോഗ്യാവസ്ഥ മോശമായി ആന ചരിയുകയായിരുന്നു.

കേരളത്തിലെ നിലമ്പൂര്‍ കാടുകളില്‍ ജനിച്ച 'വത്സല'യെ പിന്നീട് തടി വ്യാപാരത്തിന് ഉപയോഗിച്ച് വരികയായിരുന്നു. തുടർന്ന് 1971ൽ ആനയെ മധ്യപ്രദേശിലെ ഹോഷംഗാബാദിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് പിന്നീട് 1993 ല്‍ 'വത്സല' പന്ന ടൈഗര്‍ റിസര്‍വിലേക്ക് എത്തുന്നത്. വിനോദ സഞ്ചാരികളുമായും സഹജീവികളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്ന 'വത്സല'യെ മുത്തശ്ശി ആന എന്നും വിളിച്ചിരുന്നു.

ഛത്തര്‍പൂര്‍ ജില്ലയിലെ പന്ന നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര പടപ് സിംഗ് 'വത്സല'യുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 'ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയായ 'വത്സല'യുടെ വിയോഗം പന്നയിലെ ജനങ്ങള്‍ക്ക് ഒരു വൈകാരിക നിമിഷമാണെ'ന്നായിരുന്നു ബ്രിജേന്ദ്ര പടപ് സിംഗ് എക്സില്‍ കുറിച്ചത്.

Content Highlights- Asia's oldest elephant dies

To advertise here,contact us