പട്നയിലെ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പട്‌ന നഗരത്തിലെ മാല്‍ സലാമി പ്രദേശത്ത് വെച്ചാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്

പട്‌ന: പട്നയിലെ പ്രമുഖ വ്യവസായിയായ ഗോപാല്‍ ഖേംകെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലിസിൻ്റെ വേടിയേറ്റ് മരിച്ചു. കൊലപാതകിയ്ക്ക് ആയുധം നൽകി സഹായിച്ച പ്രതിയെ പിടികൂടാനുള്ള പൊലീസിൻ്റെ ശ്രമത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി രാജയ്ക്ക് വെടിയേറ്റത്. ഇന്ന് രാവിലെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതി വെടിയേറ്റ് മരിച്ച വിവരം ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടത്. പട്‌ന നഗരത്തിലെ മാല്‍ സലാമി പ്രദേശത്ത് വെച്ചാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്.

കേസിലെ മുഖ്യപ്രതിയായ ഇയാള്‍ക്ക് കൊലപാതകം നടത്തിയ ഉമേഷുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിന് ഇടയില്‍ പൊലീസ് സംഘത്തിന് നേരെ രാജ വെടിയുതിര്‍ത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് പ്രതി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് പിസ്റ്റള്‍, വെടിയുണ്ടകള്‍, ഉപയോഗിച്ച ഷെല്ലുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

രാജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഖേംകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 ലധികം പ്രതികളെ പട്‌ന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 4 നാണ് ബിസിനസുകാരനായ ഖേംകയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച വളരെ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത് പ്രതികള്‍ കൊലപാതകം നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights- Accused in Patna industrialist murder case killed in police encounter

To advertise here,contact us