പട്ന: ബിഹാറില് പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല് ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്നയിലെ സ്വന്തം വീടിന് മുന്നില് നില്ക്കുകയായിരുന്ന ഗോപാലിനെ ബൈക്കിലെത്തിയ അജ്ഞാതനാണ് വെടിവെച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു.
കാറില് വീട്ടിലേക്ക് എത്തിയ ഗോപാല് ഗേറ്റ് തുറക്കാനായി കാത്തിരുന്ന സമയത്താണ് അക്രമി കാറിന് സമീപത്തേക്ക് പോയി വെടിയുതിര്ത്തത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഖേംകയ്ക്ക് ജീവന് നഷ്ടമായി. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും വെടിയുണ്ടയും ഷെൽ കേസിംഗും പൊലീസ് കണ്ടെടുത്തു. എന്നാല് പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിനു പിന്നിലെ കാരണവും വ്യക്തമല്ല.
കേസ് അന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ബിഹാര് പൊലീസ് അറിയിച്ചു. ഗോപാല് ഖേംകയുടെ മകനും ആറ് വര്ഷം മുന്പ് സമാനമായ സാഹചര്യത്തില് കൊല്ലപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിന് നിര്ദേശം നല്കിയതായി മുഖ്യമന്ത്രി നിതീഷ് കുമാര് പറഞ്ഞു. അതേസമയം, ബിഹാറില് ജംഗിള് രാജാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Content Highlights: Bihar Businessman and bjp leader Gopal Khemka shot dead in patna