ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന; ആർഎസ്എസിനും സമ്മതമെന്ന് റിപ്പോർട്ട്

ആർഎസ്എസും ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ന്യൂ ഡൽഹി: പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപി ഒരു വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് സൂചന. ആർഎസ്എസും ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ദിവസങ്ങൾക്ക് മുൻപ് നിലവിലെ ദേശീയാധ്യക്ഷൻ ജെപി നദ്ദയുമായും ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പരിചയസമ്പത്തും പാർലമെന്ററി രംഗത്തെ മികവും പരിഗണിക്കുകയാണെങ്കിൽ നിർമലയ്ക്ക് തന്നെയാകും മുൻ‌തൂക്കം ലഭിക്കുക. ഇതോടെ ദക്ഷിണേന്ത്യയിൽ അടക്കം പാർട്ടിക്ക് മികച്ച അടിത്തറ കൈവരിക്കാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ആന്ധ്രപ്രദേശ് ബിജെപി മുൻ അധ്യക്ഷയാണ് ഡി പുരന്ദേശ്വരി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിൽ പുരന്ദേശ്വരിയും അംഗമായിരുന്നു. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ അറിയപ്പെടുന്ന നേതാവ് കൂടിയാണിവർ. തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവായ വാനതി ശ്രീനിവാസൻ നിലവിൽ കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള എംഎൽഎയാണ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ വാനതി പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയായി. 2022ൽ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: bjp considering women at national president post

To advertise here,contact us