മുംബൈ: വിവാഹത്തിന്റെ 45-ാം നാള് നവവരന് വെടിയേറ്റ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 25കാരനായ, പ്രിയാന്ഷു എന്ന ചോട്ടുവാണ് വെടിയേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ് 24നായിരുന്നു സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയാന്ഷുവിന്റെ ഭാര്യ ഗൂഞ്ച സിംഗ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയുടെ സഹോദരന് ജീവന് സിംഗു(55)മായി പ്രണയത്തിലായിരുന്നു ഗൂഞ്ച സിംഗ്. ഇരുവരുടേയും പ്രണയം വീട്ടില് അറിഞ്ഞതോടെ ഗൂഞ്ചയെ വിവാഹം കഴിച്ചയക്കാന് വീട്ടുകാര് തീരുമാനിച്ചു. വീട്ടുകാരുടെ നിര്ബന്ധത്തിന് വഴങ്ങി ഗൂഞ്ച സിംഗ് പ്രിയാന്ഷുവിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഗൂഞ്ചയും ജീവനും തമ്മിലുള്ള ബന്ധം തുടര്ന്നു. പ്രിയാന്ഷു ബന്ധം തുടരാന് തടസ്സമാകുമെന്ന് മനസിലാക്കിയ ഗൂഞ്ചയും ജീവനും അദ്ദേഹത്തെ കൊലപ്പെടുത്താന് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ജീവന് സിംഗ് വാടക കൊലയാളിക്ക് ക്വട്ടേഷന് നല്കി. വിവാഹത്തിന്റെ 45-ാം നാള് വാടക കൊലയാളി പ്രിയാന്ഷുവിനെ പതിയിരുന്ന് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഔറംഗാബാദ് എസ്പി അംബ്രിഷ് രാഹുല് പറഞ്ഞു.
സംഭവത്തില് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നതായി എസ്പി പറഞ്ഞു. ഗൂഞ്ച സിംഗിന്റെയും ജീവന് സിംഗിന്റെയും അടക്കം ഫോണ് കോള് പരിശോധിച്ചതില് നിന്ന് നിര്ണായക വിവരങ്ങള് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള് കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില് അന്വേഷണം ഗൂഞ്ചയിലേക്കും ജീവനിലേയ്ക്കും നീളുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില് ഗൂഞ്ച സിംഗ് കുറ്റം ഏറ്റുപറഞ്ഞു. ഗൂഞ്ചയ്ക്ക് പുറമേ ജയശങ്കര്, മുകേഷ് ശര്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും എസ്പി വ്യക്തമാക്കി. ജീവന് സിംഗിനെ ഉടന് അറസ്റ്റ് ചെയ്യുമെന്നും എസ്പി അറിയിച്ചു.
Content Highlights- Newly married woman killed her husband with help of uncle in Maharashtra