'ഹാർഡ്‌വെയറിന് കുഴപ്പമില്ലായിരുന്നു, പക്ഷേ സോഫ്റ്റ്‌വെയർ തകരാറിലായിരുന്നു'; ഷെഫാലിയുടെ മരണത്തിൽ ബാബ രാംദേവ്

ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ മരണം

ന്യൂഡൽഹി: കാൻടാ ലഗാ എന്ന റീമിക്‌സ് മ്യൂസിക് വീഡിയോയിലൂടെ ആരാധക ഹൃദയം കീഴടക്കിയ ഷെഫാലിയുടെ അപ്രതീക്ഷിത മരണ വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ മരണം. ഇതിനു പിന്നാലെ ചർമത്തിന് പ്രായക്കുറവ് തോന്നിക്കുന്നതിനുള്ള മരുന്നുകളെക്കുറിച്ചും ആധുനിക ജീവിതരീതികളെക്കുറിച്ചുമുള്ള വാദപ്രതിവാദങ്ങൾ ഉയർന്നിരുന്നു. വിഷയത്തിൽ കഴിഞ്ഞ ദിവസം ഷെഫാലിക്കെതിരെ ബാബ രാംദേവ് നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. നടിയുടെ ഹാർഡ്‌വെയറിന് കുഴപ്പമില്ലായിരുന്നു, പക്ഷേ സോഫ്റ്റ്‌വെയർ തകരാറിലായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ചുള്ള രാംദേവിന്റെ പ്രതികരണം.

ലക്ഷണങ്ങൾ കുഴപ്പമില്ലായിരുന്നു എന്നാൽ സിസ്റ്റം തകരാറിലായിരുന്നുവെന്നും രാംദേവ് പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇൌ വിവാദ പരാമർശം. 'ജീവിതത്തിൽ നിങ്ങൾ പൂർണ്ണമായും സംതൃപ്തരായിരിക്കണം. നിങ്ങളുടെ ഭക്ഷണം, ഭക്ഷണക്രമം, ചിന്തകൾ, നിങ്ങളുടെ ശരീരത്തിന്റെ ഘടന എന്നിവ ശരിയായിരിക്കണം. നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും ഒരു സ്വാഭാവിക പ്രായമുണ്ട്. നിങ്ങൾ അതിൽ ഇടപെടുമ്പോൾ, അത് ആന്തരികമായി പ്രശ്നങ്ങളുണ്ടാക്കും. അതിന്റെ ഫലമായി ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നു', രാംദേവ് പറഞ്ഞു.

കുറഞ്ഞത് 150 മുതൽ 200 വർഷമാണ് ഒരു മനുഷ്യന്റെ സ്വാഭാവിക ആയുസ്. ആരോഗ്യകരമായ ശീലങ്ങൾ ഒരു മനുഷ്യന്റെ ആയുസ് ഗണ്യമായി വർധിപ്പിക്കും. നിങ്ങൾ നന്നായി ജീവിച്ചാൽ, 100 വർഷം വരെ നിങ്ങൾക്ക് പ്രായമാകില്ല എന്നത് സത്യമാണെന്നും ഭക്ഷണത്തിലെ അച്ചടക്കവും നല്ല ജീവിതശൈലിയും വളരെ പ്രധാനമാണെന്നും രാംദേവ് പറയുന്നു.100 വർഷത്തിൽ കഴിക്കേണ്ട വർഷം വെറും 25 വർഷത്തിൽ ആളുകൾ ഇപ്പോൾ കഴിക്കുന്നുവെന്നും സ്വയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനുഷ്യർക്ക് അറിയില്ലെന്നും ബാബ രാം ദേവ് കൂട്ടിച്ചേർത്തു.

42 വയസ്സുള്ള ഷെഫാലി ജരിവാലയുടെ മരണത്തെത്തുടർന്ന് ബാബ രാംദേവ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഈ അസംബന്ധം നിർത്തണമെന്നും മരിച്ചശേഷമെങ്കിലും അവരെ വെറുതെ വിടണമെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം.

2002ൽ പുറത്തിറങ്ങിയ ‘കാംടാ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയാവുന്നത്. അന്ന് 20 വയസ്സായിരുന്നു നടിയുടെ പ്രായം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ബിഗ് ബോസ് 13–ാം സീസണിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ൽ ഇരുവരും വേർപിരിഞ്ഞു. 2015ൽ പരാഗ് ത്യാഗിയെ വിവാഹം ചെയ്യുകയായിരുന്നു.

യുവത്വം നിലനിർത്താനുള്ള മരുന്നുകൾ കഴിച്ചതാണ് ഷെഫാലിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ഫൊറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വിറ്റാമിൻ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

Content Highlights: Baba Ramdev makes contentious remarks about Shefali Jariwala’s sudden death

To advertise here,contact us