ന്യൂഡല്ഹി: ബിഹാര് നിയമസഭ തെരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് പാര്ട്ടി ദേശീയ കണ്വീനര് അരവിന്ദ് കെജ്രിവാള്. ഗുജറാത്തിലെ ഗാന്ധിനഗറില് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്ഡ്യ സഖ്യവുമായുള്ള ആംആദ്മി പാര്ട്ടിയുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
'വരുന്ന ബിഹാര് നിയമസഭ തെരഞ്ഞെടുപ്പില് ഞങ്ങള് മത്സരിക്കും. കോണ്ഗ്രസുമായി ഒരു സഖ്യത്തിനുമില്ല. അത് കൊണ്ടാണ് ഞങ്ങള് വിശാവദാര് ഉപതെരഞ്ഞെടുപ്പില് ഒറ്റക്ക് മത്സരിച്ചത്. പൊതുതെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്ഡ്യ മുന്നണി ഉണ്ടായിരുന്നത്. ഇപ്പോള് ഒരു സഖ്യവുമില്ല.', അരവിന്ദ് കെജ്രിവാള് പറഞ്ഞു.
പഞ്ചാബിലും ഗുജറാത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില് വിജയിക്കാന് ആംആദ്മി പാര്ട്ടിക്ക് കഴിഞ്ഞിരുന്നു. ഡല്ഹിയിലെ തോല്വിയില് ഞെട്ടലിലായിരുന്ന ആംആദ്മി പാര്ട്ടി പ്രവര്ത്തകരെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്കുന്നതായിരുന്നു ഈ രണ്ട് ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും. അതിന് പിന്നാലെയാണ് ബിഹാറില് ഒറ്റക്ക് മത്സരിക്കുമെന്നുള്ള പ്രഖ്യാപനം. എന്നാല് ഇൌ തീരുമാനം ആര്ജെഡി-കോണ്ഗ്രസ്-ഇടത് സഖ്യത്തിന്റെ വിജയ പ്രതീക്ഷകളെ തകര്ക്കുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.
നേരത്തേ ഡല്ഹി, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില് ആംആദ്മി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയും നടത്തിയ ആരോപണപ്രത്യാരോപണങ്ങള് വാര്ത്തയില് ഇടംപിടിച്ചിരുന്നു. കേന്ദ്രതലത്തില് ഇന്ഡ്യാ മുന്നണിക്കൊപ്പം നില്ക്കുകയും ഡല്ഹി തിരഞ്ഞെടുപ്പില് മുന്നണിയിലെ മുഖ്യ കക്ഷിയായ കോണ്ഗ്രസിനെ തള്ളിപ്പറയുകയും ചെയ്ത അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെതിരെ വിമര്ശനം ഉയര്ന്നിരുന്നു. എന്നാല് കോണ്ഗ്രസിനെതിരെ അരവിന്ദ് കെജ്രിവാള് ആരോപണങ്ങള് തുടര്ന്നു. തിരഞ്ഞെടുപ്പ് ഫലം കോണ്ഗ്രസിനും ആംആദ്മിക്കും കനത്ത തിരിച്ചടി നല്കിയിരുന്നു.
Content Highlights: AAP will contest Bihar polls solo