പട്ടികജാതി, പട്ടിക വര്‍ഗ ജീവനക്കാരുടെ നിയമനം: സംവരണ നയം പ്രഖ്യാപിച്ച് സുപ്രീംകോടതി

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹൈക്കോടതിയിലും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണമുളളപ്പോള്‍ സുപ്രീംകോടതി മാത്രം എന്തുകൊണ്ട് മാറിനില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നേരത്തെ പ്രതികരിച്ചിരുന്നു

ന്യൂഡല്‍ഹി: പട്ടികജാതി- പട്ടിക വര്‍ഗ ജീവനക്കാരുടെ നേരിട്ടുളള നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സുപ്രീംകോടതി സംവരണ നയം പ്രഖ്യാപിച്ചു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീംകോടതിയില്‍ സംവരണമേര്‍പ്പെടുത്തുന്നത്. ജൂണ്‍ 23 മുതല്‍ നയം പ്രാബല്യത്തില്‍ വന്നു. പുതിയ നയം അനുസരിച്ച് പട്ടികജാതി ജീവനക്കാര്‍ക്ക് 15 ശതമാനം സംവരണവും പട്ടിക വര്‍ഗ ജീവനക്കാര്‍ക്ക് 7.7 ശതമാനം സംവരണവും പ്രമോഷനുകളില്‍ ലഭിക്കും. രജിസ്ട്രാര്‍മാർ, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, അസിസ്റ്റന്റ് ലൈബ്രറേറിയന്മാര്‍, ജൂനിയര്‍ കോടതി അസിസ്റ്റന്റുമാര്‍, ചേംബര്‍ അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് സംവരണ ആനുകൂല്യമുളളത്. ഇനിമുതല്‍ പട്ടികജാതി, പട്ടിക വര്‍ഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാകും സുപ്രീംകോടതി ജീവനക്കാരില്‍ ഉണ്ടാവുക.

മാതൃകാ സംവരണ റോസ്റ്ററും രജിസ്റ്ററും ആഭ്യന്തര ഇമെയില്‍ ശൃംഗലയില്‍ അപ്‌ലോഡ്‌ ചെ്തിട്ടുണ്ട്. റോസ്റ്റിലോ രജിസ്റ്റിലോ തെറ്റുകളുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് രജിസ്ട്രാറെ അറിയിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹൈക്കോടതിയിലും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണമുളളപ്പോള്‍ സുപ്രീംകോടതി മാത്രം എന്തുകൊണ്ട് മാറിനില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സംവരണം ബാധകമല്ല. സംവരണം പൂര്‍ണമായി നടപ്പിലാക്കുമ്പോള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര ഭരണത്തില്‍ മിനിമം 600 ജീവനക്കാര്‍ പട്ടികജാതി, പട്ടിക വിഭാഗങ്ങളില്‍ നിന്നുളളവരുണ്ടാകും.

Content Highlights: Supreme court introduce sc st reservation in staff recruitment

To advertise here,contact us