'ഭരണഘടനയിലെ ഏതെങ്കിലും വാക്കില്‍ സ്പര്‍ശിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടും';ഹൊസബലെയ്‌ക്കെതിരെ ഖര്‍ഗെ

ദത്തേത്രയ ഹൊസബലെയെ മനുസ്മൃതിയുടെ മനുഷ്യനെന്നും ഖര്‍ഗെ വിശേഷിപ്പിച്ചു

ന്യൂഡല്‍ഹി: ഭരണഘടനയിലെ ഏതെങ്കിലും വാക്കില്‍ സ്പര്‍ശിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തേത്രയ ഹൊസബലെയെ മനുസ്മൃതിയുടെ മനുഷ്യനെന്നും ഖര്‍ഗെ വിശേഷിപ്പിച്ചു. ഭരണഘടനയില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്ന വാക്കുകള്‍ എടുത്തുകളയണമെന്ന ഹൊസബലെയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പാവപ്പെട്ടയാളുകള്‍ ഉയര്‍ന്ന് വരുന്നത് അദ്ദേഹത്തിന് താല്‍പര്യമില്ല. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്താണോയുണ്ടായത് അത് തന്നെ തുടരാനാണ് അദ്ദേഹത്തിന് ആവശ്യം. അതുകൊണ്ടാണ് അദ്ദേഹത്തിന് സോഷ്യലിസവും മതേതരത്വവും സ്വാതന്ത്ര്യവും തുല്യതയും സാഹോദര്യവും ഇഷ്ടമില്ലാത്തത്', ഖര്‍ഗെ പറഞ്ഞു.

ഇത് ഹൊസബലെയുടെ വാക്കുകളല്ലെന്നും ആര്‍എസ്എസിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് എല്ലായ്‌പ്പോഴും പട്ടികജാതി അടക്കമുള്ള വിഭാഗങ്ങള്‍ക്കെതിരാണെന്ന് ഖര്‍ഗെ പറഞ്ഞു. അവര്‍ അവകാശപ്പെടുന്നത് ഹിന്ദു മതത്തിന്റെ ചാമ്പ്യരാണെന്നാണ്, അങ്ങനെയെങ്കില്‍ അവര്‍ തൊട്ടുകൂട്ടായ്മ ഇല്ലാതാക്കണമെന്നും ഖര്‍ഗെ പറഞ്ഞു. 'അതിന് പകരം ശബ്ദമുണ്ടാക്കി രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. അത് വളരെ മോശമാണ്. ഞങ്ങള്‍ അതിന് എതിരാണ്. ഭരണഘടനയിലെ ഏതെങ്കിലും വാക്കില്‍ തൊട്ടാല്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടും', ഖര്‍ഗെ പറഞ്ഞു.

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ദത്താത്രേയ ഹൊസബലെ പറഞ്ഞത്. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഹൊസബല്ലെ ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകിക്കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നുമായിരുന്നു പറഞ്ഞത്.

Content Highlights: Mallikarjun Kharge againt Dattathreya Hosabale on Constitution controversy

To advertise here,contact us