കൊല്ക്കത്ത: നിയമ വിദ്യാര്ത്ഥിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി മൊണോജിത് മിശ്രയ്ക്കെതിരെ കൂടുതല് ആരോപണങ്ങള്. മൊണോജിത് മിശ്രയെ കോളേജിലെ വിദ്യാര്ത്ഥിനികള്ക്ക് പേടിയാണെന്നും മിശ്രയുള്ള ക്ലാസുകളില് സ്ത്രീകള് കയറാറില്ലെന്നും സൗത്ത് കൊല്ക്കത്ത ലോ കോളേജിലെ മറ്റൊരു വിദ്യാര്ത്ഥി പറഞ്ഞു.
'ക്യാമ്പസില് ഭീഷണിയുടെ അന്തരീക്ഷമായിരുന്നു. അവന് വിദ്യാര്ത്ഥിനികളുടെ ചിത്രം എടുക്കുന്നത് പതിവായിരുന്നു. പിന്നീട് ഈ ചിത്രം മോര്ഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളില് പ്രചരിപ്പിക്കുമായിരുന്നു', വിദ്യാര്ത്ഥി പറഞ്ഞു. മുമ്പും മൊണോജിത് മിശ്ര പെണ്കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും വിദ്യാര്ത്ഥി ചൂണ്ടിക്കാട്ടി. നിരവധി കേസുകള് ഇയാള്ക്കെതിരെയുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിദ്യാര്ത്ഥി കൂട്ടിച്ചേര്ത്തു.
'2019ല് കോളേജിലെ ഒരു വിദ്യാര്ത്ഥിനിയെ ഇയാള് ലൈംഗികമായി ചൂഷണം ചെയ്തു. അവളുടെ വസ്ത്രങ്ങള് വലിച്ചുകീറി. 2024ല് സുരക്ഷാ ജീവനക്കാരനെ അടിക്കുകയും കോളേജ് സ്വത്തുക്കള് നശിപ്പിക്കുകയും ചെയ്തു. മോഷണക്കേസിലും ഇയാളുടെ ഇടപെടലുകളുണ്ടായിട്ടുണ്ട്', വിദ്യാര്ത്ഥി പറഞ്ഞു. പഠിക്കുന്ന കാലത്ത് കൊലപാതകശ്രമത്തിന് മോണോജിത് മിശ്രയ്ക്കെതിരെ കേസെടുത്തിരുന്നെന്ന് ഇയാളുടെ മുന് സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം കേസിലെ പ്രതികളുടെ പൊലീസ് കസ്റ്റഡി നീട്ടിയിട്ടുണ്ട്. അലിപൂര് ജില്ലാ കോടതിയാണ് 10 ദിവസം കൂടി പ്രതികളെ കസ്റ്റഡിയില് വിട്ടത്. മൂന്ന് പ്രതികളെയും ലോ കോളേജ് പുറത്താക്കിയിട്ടുണ്ട്. കോളേജിന്റെ അഡ്ഹോക് ഫാക്കല്റ്റി അംഗത്തില് നിന്നാണ് മൊണോജിത് മിശ്രയെ പുറത്താക്കിയത്. വിദ്യാര്ത്ഥികളായ പ്രമിത് മുഖര്ജി, സെയ്ബ് അഹമ്മദ് എന്നിവരെയും പുറത്താക്കി. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് പിനാകി ബാനര്ജിയും കേസിലെ മറ്റൊരു പ്രതിയാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്ക്കത്തയിലെ ലോ കോളേജില് നിയമവിദ്യാര്ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില് എത്തിയതായിരുന്നു വിദ്യാര്ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്കുട്ടിയോട് കൂടെ വരാന് ആവശ്യപ്പെടുകയുമായിരുന്നു. പെണ്കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ചാണ് പ്രതികള് പീഡിപ്പിച്ചത്.
Content Highlights: Kolkata Rape case accused Monojith Misra have several ralated cases