മുംബൈ: എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്നായതോടെ വിമാനത്തിനടുത്തേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ അറസ്റ്റ് ചെയ്തു. നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണിയെയാണ് അറസ്റ്റ് ചെയ്തത്. എത്താൻ വൈകിയതോടെ ഇയാൾ എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിലേക്ക് കടക്കുകയായിരുന്നു.
സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് തനിക്ക് പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതിയായിരുന്നു ഇയാൾ വിമാനത്തിനടുത്തേക്ക് പോയത്. എന്നാൽ ഇയാൾ ഓടിയത് ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കായിരുന്നു. ഇത് കണ്ട ഉടൻ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
ബോർഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറാണ് പാർക്കിങ് ഏരിയയിൽ ഇറക്കിയതെന്ന് ആദ്യം കളവ് പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിൽ അതിക്രമിച്ചു കടന്നതാണെന്നു പീയുഷ് സമ്മതിക്കുകയായിരുന്നു.
Content Highlights: man who trespassed near the plane after arriving late for the journey was arrest