ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയവരില്‍ മലയാളിയും. ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി ശനിയാഴ്ച ഇറാനില്‍നിന്ന് മലപ്പുറം മുടിക്കോട് സ്വദേശി മുഹമ്മദിന്റെ മകള്‍ ഫാദില കച്ചക്കാരന് ഡല്‍ഹിയിലെത്തി. ഇറാനില്‍ നിന്നും നാട്ടിലെത്തിയ സംഘത്തിലെ ആദ്യ മലയാളിയാണ് ഫാദില.
മകള്‍ നാട്ടില്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ ദമാമില്‍ നിന്ന് പിതാവ് മുഹമ്മദ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയിരുന്നു. ഇരുവരും ശനിയാഴ്ച രാത്രി വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിച്ചു. തെഹ്റാനിലെ ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഫാദില.
ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി രണ്ടാമത്തെ വിമാനമാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. 256 പേരാണ് സംഘത്തില്‍ ഉണ്ടായത്. സംഘര്‍ഷം കടുത്തതോടെ ഒഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ന് രണ്ട് വിമാനങ്ങളില്‍ 600 പേര് കൂടി ഇന്ത്യയിലെത്തും. 800 പേരെ കൂടി ഉടന്‍ തിരിച്ചെത്തിക്കും.
ഇറാനില്‍ നിന്ന് ഇതുവരെ 1100 പേരെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്. ശ്രീലങ്ക നേപ്പാള്‍ പൗരന്മാരുടെ പട്ടികയും ഇന്ത്യന്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ പൗരന്മാര്ക്ക് ശ്രീലങ്കയും നേപ്പാളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Iran Israel conflict first Malayalee return in Operation Sindhu