മാറ്റിവെച്ച ആക്‌സിയം 4 വിക്ഷേപണം ജൂണ്‍ 19-ന്

രാകേഷ് ശര്‍മ്മയ്ക്കുശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാന്‍ഷു

ന്യൂഡല്‍ഹി: ആക്‌സിയം 4 വിക്ഷേപണ തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 19-ന് വിക്ഷേപണം നടക്കുമെന്നാണ് വിവരം. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഒര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ), ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും തമ്മിലുളള നിര്‍ണായക ഏകോപന യോഗത്തിലാണ് വിക്ഷേപണ തിയതി സംബന്ധിച്ച തീരുമാനമുണ്ടായത്. സാങ്കേതിക തകരാറും മോശം കാലാവസ്ഥയും മൂലം മൂന്നുതവണ വിക്ഷേപണം മാറ്റിയിരുന്നു. യോഗത്തില്‍ ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനത്തില്‍ കണ്ടെത്തിയ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ചയടക്കമുളള സാങ്കേതിക ആശങ്കകള്‍ ചര്‍ച്ച ചെയ്തു. സ്‌പേസ് എക്‌സ് എഞ്ചിനീയര്‍മാര്‍ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം.

ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റും ഐഎസ്ആര്‍ഒയിലെ ബഹിരാകാശ യാത്രികനുമായ ശുഭാന്‍ഷു ശുക്ലയും ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തില്‍ അന്താരാഷ്ട്ര സംഘത്തോടൊപ്പം ചേരും. രാകേഷ് ശര്‍മ്മയ്ക്കുശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാന്‍ഷു. യാത്ര ലക്ഷ്യംകണ്ടാല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും അദ്ദേഹം. അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തിലുളളത്. ശുഭാന്‍ഷു ശുക്ലയ്‌ക്കൊപ്പം അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിന്റെ സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

ആരാണ് ശുഭാന്‍ഷു ശുക്ല?

ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് (IAF)പൈലറ്റ് ആയ ശുഭാന്‍ഷു ശുക്ല ഉത്തര്‍ പ്രദേശിലെ ലക്‌നൗ സ്വദേശിയാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഫൈറ്റര്‍ വിങ്ങ് ജൂണ്‍ 2006 ന്റെ കമ്മീഷണര്‍ ആയിരുന്ന ഇദ്ദേഹത്തിന് വിവിധ എയര്‍ക്രാഫ്റ്റുകളിലായി 2000 മണിക്കൂര്‍ ഫ്‌ളൈറ്റ് എക്‌സ്പീരിയന്‍സ് ഉണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്‍പ് ഇതേ സംഘത്തിന്റെ ഭാഗമായ ശുഭാംഷു ശുക്ല 'ആക്‌സിയം മിഷന്‍ 4'ന്റെയും ഭാഗമാകുന്നത് രാജ്യത്തിന് അഭിമാനമാണ്. ഇന്ത്യന്‍ മണ്ണില്‍ നിന്ന്, ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍.

Content Highlights: Axiom Mission 4 launch date announced

To advertise here,contact us