'നമ്പർ 20 മദ്രാസ് മെയിൽ' ഹിന്ദിയിൽ ഒരുക്കിയ സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു

മലയാളത്തിലെ ‘നമ്പർ 20 മദ്രാസ് മെയിലി’ന്റെ ഹിന്ദി റീമേക്കായ ‘തീസ്‌രാ കോൻ’ സംവിധാനം ചെയ്തത് പാർഥോ ഘോഷ് ആണ്.

മുംബൈ:പ്രശസ്ത ഹിന്ദി - ബംഗാളി സംവിധായകൻ പാർഥോ ഘോഷ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. മമ്മൂട്ടി-മോഹൻലാൽ-ജോഷി ഹിറ്റ് ചിത്രമായ മലയാളത്തിലെ ‘നമ്പർ 20 മദ്രാസ് മെയിലി’ന്റെ ഹിന്ദി റീമേക്കായ ‘തീസ്‌രാ കോൻ’ സംവിധാനം ചെയ്തത് പാർഥോ ഘോഷ് ആണ്.

16-ലേറെ ബോളിവുഡ് ചിത്രങ്ങളും ഒട്ടേറെ ബംഗാളി ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1985-ൽ സഹസംവിധായകനായാണ് തുടക്കം. 1991-ൽ പുറത്തിറങ്ങിയ ‘100 ഡേയ്‌സ്’ ആണ് ആദ്യചിത്രം. ബോക്സ് ഓഫീസിൽ വൻവിജയമായിരുന്നു ഈ ചിത്രം. ഗുലാം ഇ മുസ്തഫ, യുഗപുരുഷ് എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെയും സംവിധായകനാണ് പാർഥോ ഘോഷ്.

നാനാ പടേക്കർ, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവർ അഭിനയിച്ച ‘അഗ്നിസാക്ഷി’ പാർഥോ ഘോഷിനെ കൂടുതൽ പ്രശസ്തനാക്കി. അഗ്നിസാക്ഷിയുടെ സംവിധാനത്തിന് മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. നാനാ പടേക്കറിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.

Content Highlights:  Hindi director Partho Ghosh passes away

To advertise here,contact us