ആർസിബിയുടെ വിജയാഘോഷ പരിപാടിക്കിടയിലെ ദുരന്തം; വിരാട് കോഹ്‌ലിക്കെതിരെ പരാതി

ഇതിനകം രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ വിരാട് കോഹ്‌ലിക്കെതിരായ പരാതി പരിഗണിക്കുമെന്നും കബ്ബൺ പാർക്ക് പൊലീസ് അറിയിച്ചു

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ ദാരുണമായി മരിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ക്യാപ്റ്റനുമായ വിരാട് കോഹ്ലിക്കെതിരെ പരാതി. വെള്ളിയാഴ്ചയാണ് കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ എച്ച്എം വെങ്കിടേഷ് കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനകം രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ വിരാട് കോഹ്‌ലിക്കെതിരായ പരാതി പരിഗണിക്കുമെന്നും കബ്ബൺ പാർക്ക് പൊലീസ് അറിയിച്ചു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ എക്‌സില്‍ ഹാഷ്ടാഗ് ട്രെന്‍ഡ് ആയിരുന്നു. 'അറസ്റ്റ്' വിരാട് കോഹ്ലി എന്ന ഹാഷ്ടാഗാണ് എക്‌സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് വന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമിയില്‍ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ ശേഷമാണ് വിരാടിനെതിരെ ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നത്. അറസ്റ്റ് വിരാട് കോഹ്ലി എന്ന ഹാഷ്ടാഗില്‍ ഏകദേശം 42,000ത്തിന് മുകളില്‍ ട്വീറ്റുകള്‍ വന്നിട്ടുണ്ട്.

സ്റ്റേഡിയത്തിന് പുറത്തുള്ള തിക്കിലും തിരക്കിലും പെട്ടാണ് ആര്‍സിബി ടീമിനൊപ്പം കിരീടനേട്ടം ആഘോഷിക്കാനെത്തിയ ആരാധകർ മരിച്ചത്. മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടയിലും ആഘോഷം നടത്തിയതിനാലാണ് ടീമിനെതിരെയും വിരാട് കോഹ്ലിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോഹ്ലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു എന്നാണ് ആക്ഷേപം. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയത്.

പൊലീസ് പരിപാടിക്ക് അനുമതി നല്‍കുന്നതിന് മുന്‍പേ വിക്ടറി പരേഡിനെ കുറിച്ച് ആര്‍സിബി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ക്ക് ശേഷം ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ അനുശോചന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

18 വർഷത്തിനുശേഷം ആർ‌സി‌ബി ഫ്രാഞ്ചൈസി അവരുടെ ആദ്യ ഐ‌പി‌എൽ ട്രോഫി നേടിയതിന് ശേഷം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌എസ്‌സി‌എ) സംഘടിപ്പിച്ച പ്രത്യേക അനുമോദന ചടങ്ങിനിടെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

Content Highlight : Complaint against Virat Kohli over Bengaluru stadium stampede

To advertise here,contact us