ട്രംപ്-മസ്ക് തർക്കം: ഇന്ത്യൻ സഞ്ചാരിയുടെ ബഹിരാകാശ ദൗത്യത്തെ ബാധിക്കില്ല; റിപ്പോർട്ട്

ട്രംപുമായുള്ള വാക്പോരിനിടെ സ്പോസ് എക്സിൻ്റെ ഡ്രാ​ഗൺ ബഹിരാകാശ പേടകം 'ഡീകമ്മീഷൻ' ചെയ്യുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യൻ സഞ്ചാരി ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യത്തിൻ്റെ ഭാവിയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നത്

ന്യൂഡൽഹി: സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന ഇലോൺ മസ്കിൻ്റെ ഭീഷണി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ‌എസ്‌എസ്) ദൗത്യത്തെ ബാധിക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോട്ട് ചെയ്യുന്നു. നേരത്തെ തീരുമാനിച്ചതുപോലെ ജൂൺ 10 ന് (ഇന്ത്യൻ സമയം) വൈകുന്നേരം 5.52 ന് ദൗത്യം നടക്കുമെന്ന് ആക്‌സിയം സ്‌പേസ് ഇങ്ക് വൃത്തങ്ങൾ അറിയിച്ചു.

ട്രംപുമായുള്ള വാക്പോരിനിടെ സ്പോസ് എക്സിൻ്റെ ഡ്രാ​ഗൺ ബഹിരാകാശ പേടകം 'ഡീകമ്മീഷൻ' ചെയ്യുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യൻ സഞ്ചാരി ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യത്തിൻ്റെ ഭാവിയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നത്. പിന്നീട് ഡ്രാ​ഗൺ പേടകം ഡികമ്മീഷൻ ചെയ്യുമെന്ന പ്രഖ്യാപനം മസ്ക് പിൻവലിച്ചിരുന്നു.

ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ‌എസ്‌ആർ‌ഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകമാണ് ദൗത്യത്തിനായി പുറപ്പെടുക. ദൗത്യത്തിനായി ഇന്ത്യ 60 മില്യൺ ഡോളറിലധികം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്.

മുപ്പത്തിയൊമ്പതുകാരനായ ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം മുൻ നാസ ബഹിരാകാശയാത്രികയും മിഷൻ കമാൻഡറുമായ പെഗ്ഗി വിറ്റ്‌സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്കി-വിസ്‌നെവ്‌സ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരും ഉണ്ടാകും. 1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ദൗത്യം പതിനാല് ദിവസം നീണ്ട് നിൽക്കുന്നതാണ് ശുഭാൻഷു ശുക്ല ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യം. കഴിഞ്ഞ വർഷമാണ് നാസ ആക്സിയം -4 ദൗത്യം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ ലഖ്നൗവാണ് ശുക്ലയുടെ സ്വദേശം. 18 വർഷം മുമ്പാണ് സൈനിക പരിശീലനത്തിനായി നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നത്.

Content Highlights: Captain Shubhanshu Shukla's Space Mission To Continue Despite Musk-Trump Fight

To advertise here,contact us