ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. രാമക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. രാമക്ഷേത്രത്തിലെ പ്രസാദം ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലെത്തിക്കും എന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഗാസിയാബാദ് സ്വദേശി ആശിഷ് സിംഗാണ് അറസ്റ്റിലായത്.
രാമക്ഷേത്രത്തിലെ പ്രസാദം, രാമക്ഷേത്രത്തിന്റെ രൂപം ആലേഖനം ചെയ്ത നാണയങ്ങള്‍ എന്നിവ സൗജന്യമായി നല്‍കുമെന്നായിരുന്നു വെബ്സൈറ്റിലൂടെ ആശിഷ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് 51 രൂപയും വിദേശ ഉപയോക്താക്കളില്‍ നിന്ന് 11 യുഎസ് ഡോളറും 'ഫെസിലിറ്റേഷന്‍ ഫീസാ'യി ഈടാക്കുകയും ചെയ്തു. ഇങ്ങനെ പത്തുകോടിയിലേറെ രൂപയാണ് ഇയാള്‍ തട്ടിയത്. രാമക്ഷേത്രത്തിലെ പ്രസാദം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ് നടത്തി.
നിലവില്‍ അമേരിക്കയില്‍ താമസിക്കുന്നയാളാണ് ആശിഷ് സിംഗ്. 2024-ല്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ആഴ്ചകൾ മുൻപു തന്നെ ഇയാള്‍ ഖാദിഒര്ഗാനിക്.കോം എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചിരുന്നു. 2023 ഡിസംബര്‍ 19-നും 2024 ജനുവരി 12-നും ഇടയില്‍ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള ഭക്തരില്‍ നിന്ന് 6.3 ലക്ഷത്തിലധികം ഓര്‍ഡറുകളാണ് ഇയാള്‍ക്ക് ലഭിച്ചത്. യെസ് ബാങ്ക്, പേടിഎം, ഫോണ്‍പേ, മൊബിക്വിക്, ഐഡിഎഫ്സി തുടങ്ങിയ ഗേറ്റ് വേകളിലൂടെയാണ് ഇയാള്‍ പണം സ്വീകരിച്ചത്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റാണ് സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയോധ്യ സൈബര്‍ ക്രൈം യൂണിറ്റില്‍ പരാതി നല്‍കിയത്. ഇതോടെയാണ് രാമക്ഷേത്രത്തിന്റെ പേരില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറംലോകമറിഞ്ഞത്.
ഐപിസി സെക്ഷന്‍ 420, ഐടി സെക്ഷന്‍ ആക്ട് 66ഡി, 1967-ലെ പാസ്പോര്‍ട്ട് ആക്ടിലെ സെക്ഷന്‍ 12 (3) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയില്‍ നിന്ന് ലാപ്ടോപ്, രണ്ട് ഐഫോണുകള്‍, 13,970 രൂപ, 16 യുഎസ് ഡോളര്‍, യുഎസ്, ഇന്ത്യന്‍ ഐഡി കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ പൊലീസ് കണ്ടെടുത്തു. 3,72,520 ഇരകള്‍ക്ക് പണം തിരികെ നല്കാനായെന്ന് അയോധ്യ പൊലീസ് അറിയിച്ചു. 2.15 കോടി രൂപ തിരികെ നല്‍കിയെന്നും ബാക്കി 1.70 കോടി രൂപ വീണ്ടെടുക്കാനുളള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: 10 crore scam in name of ram mandir ayodhya ram lalla prasad